Gulab Jan

Gulab Jan

28 Jun 2011

പറിച്ചെറിയപ്പെട്ട
സ്വപ്നങ്ങളുടെ രേഖാചിത്രം
ഗുലാബ് ജാന്‍
അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ എന്ന നോവല്‍ ഞാന്‍ പിന്നീട് വായിക്കാനായി മാറ്റിവെച്ച പുസ്തകങ്ങളുടെ കൂട്ടത്തിലായിരുന്നു. അതിലെനിക്കിപ്പോള്‍ കുറ്റബോധമുണ്ട്. പക്ഷെ ചിലത് നാം എത്രമാറ്റിവെച്ചാലും അത് നമ്മെ പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കും. വരിഞ്ഞ് മുറുക്കികൊണ്ടിരിക്കും. ഒറ്റയിരിപ്പിനാണ് എന്‍മകജെ വായിച്ച് തീര്‍ത്തത്. അല്ല എഴുന്നേറ്റ് പോകാനാകാത്തവിധം അതെന്നെ തളച്ചിടുകയായിരുന്നു. ഓരോ വാക്കുകളും മനസിനെ വല്ലാതെ മുറിപ്പെടുത്തികൊണ്ട്. എഡോസര്‍ഫാന്‍ സമരത്തെ തിരിച്ചറിയാന്‍ വഴികിപ്പോയതിന്റെ കുറ്റബോധം മനസിനെ മദിച്ചുകൊണ്ടിരുന്നു. നോവല്‍ വായിച്ച് പുസ്തകം മടക്കിവെച്ചിട്ടും എന്‍മകജയില്‍ നിന്ന് എനിക്ക് പുറത്ത് കടക്കാനായില്ല. ഒരു പക്ഷെ എന്‍മകജെയൊ കാസര്‍ഗോട്ടെ എന്‍ഡോസര്‍ഫാന്‍ ദുരിതങ്ങളോ അറിയാത്ത ഒരാള്‍ക്ക് പോലും ഈ നോവലിലേക്ക് കയറികഴിഞ്ഞാല്‍ സമാനമായ അനുഭവം അന്നെയായിരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. അത്രയ്ക്ക് സൂക്ഷ്മമായിട്ടാണ് അംബികാസുതന്‍ ഓരോ വാക്കും അടക്കിവെച്ചിരിക്കുന്നത്. ഒരു ജനതയുടെ സത്യമായ ജീവിതം ഇത്രമേല്‍ ഹ്യദ്യമായി ആവിഷ്‌ക്കരിക്കപ്പെട്ട ഒരു നോവല്‍ അപൂര്‍വ്വമായിരിക്കും എന്നു തന്നെ പറയാം. സാമൂഹ്യ യാതാര്‍ത്ഥ്യങ്ങള്‍ എഴുതുമ്പോള്‍ എഴുത്തുക്കാരന്റെ സാമൂഹിക വ്യക്തിത്വവും സര്‍ഗാത്മക വ്യക്തിത്വവും പൊരുത്തപെടാതെ ഇടഞ്ഞുനില്‍ക്കുന്നതും, അലോസരപ്പെടുത്തുന്ന യാന്ത്രകതയും പല കൃതികളിലും കാണാറുണ്ട്. ഒരു എഴുത്തുകാരന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഭാവനയുടെ ലോകത്ത് നിന്ന് യാതാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങി വരികായെന്നത്. മാറിനിന്ന് എന്‍മകജെയെകുറിച്ചൊരു റിപ്പോര്‍ട്ട് തെയ്യാറാക്കുകയല്ല അംബികാസുതന്‍ ചെയ്യുന്നത്. എന്‍മകജെയിലേക്ക് സ്വയം അലിഞ്ഞ് ചേരുകയാണദ്ദേഹം. മനുഷ്യന്റേയും പ്രകൃതിയുടേയും വേദനയും നിസാഹയതയും സ്വന്തം ഹ്യദയത്തിലേക്ക് ചേര്‍ത്ത് പിടിക്കുകയാണ്. വാക്കുകള്‍ ഒരലങ്കാരമല്ല അതൊരു രാഷ്ട്രീയ പ്രയോഗമാണെന്ന് തിരിച്ചറിയുന്ന ഒരെഴുപ്പുകാരന് മാത്രമെ ഒരു ജനതയുടെ സന്നിഗ്ദതകള്‍ ഇത്രമേല്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കാനാവൂ.
നമ്മുടെ കാര്‍ഷിക സംസ്‌ക്കാരം നാണ്യവിളകളിലേക്ക് പറിച്ച് നടുന്നത് ഹരിത വിപ്ലവത്തോടുകൂടിയാണ്. പലതരം മരങ്ങള്‍ സുലഭമായി വളര്‍ന്ന് പന്തലിച്ച കാടുകള്‍ റബറിനും കശുമാവിനും മാന്‍ഞ്ചിയം തേക്ക് തുടങ്ങിയവയ്ക്കും വേണ്ടി മുറിച്ചുമാറ്റിയ ഒരു പാരമ്പര്യം നമുക്കുണ്ട്. നാണ്യവിളകള്‍ക്ക് വേണ്ടി മലയാള മനോരമ അന്നെഴുതിയ ഒരു എഡിറ്റോറിയലിനെ കുറിച്ച് എവിടെയൊ വായിച്ച ഓര്‍മ്മയുണ്ട്. ഒരുപക്ഷെ റബറുകൊണ്ട് മനോരമ വര്‍ന്നെങ്കിലും കേരളത്തിനെ ഏതെല്ലാം വൈവിധ്യങ്ങളെയാണ് അത് നശിപ്പിച്ചതെന്ന് പ്രത്യേകം പഠിക്കേണ്ടതാണ്. നാണ്യവിളകളിലേക്കുള്ള ഈ മാറ്റമാണ് ജൈവവളങ്ങളില്‍ നിന്ന് രാസവളത്തിലേക്ക് നമ്മേ എത്തിച്ചത്. ലോകത്താകെ ദുരിതങ്ങള്‍ വിതച്ച എന്‍ഡോസര്‍ഫാന്‍ വിഷം കാസര്‍ഗോട്ടെ പാവങ്ങള്‍ക്ക് മേല്‍ തളയ്ക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്ത കാലത്തിലും ഒരു പ്രതീകാത്മകമായ സന്ദേശമുണ്ട്. നിരപരാധികളായ മനുഷ്യരെ കക്കയം അടക്കമുള്ള പോലീസ് കേമ്പുകളില്‍വെച്ച് മൃഗീയമായിവേട്ടയാടിയ അടിയന്തിരാവസ്ഥയില്‍ തന്നെയാണ് എന്‍മകജെയ്ക്ക് ചുറ്റും എന്‍ഡോസര്‍ഫാന്‍ വിഷമഴയായിപെയ്തത്.
എന്താണ് എന്‍മകജെ? ചില സംന്ദര്‍ഭങ്ങളില്‍ ചില സ്ഥലനാമങ്ങള്‍ അതിന്റെ ചരിത്രത്തേയും പാരമ്പര്യത്തേയും മറച്ചുവെച്ച് ദുരന്തങ്ങളുടെ അടയാളങ്ങളായി ലജ്ജിച്ച് നില്‍ക്കും. ഗുജറാത്ത് അതുപോലൊരു നാമമാണ്. ഗാന്ധിയുടെ ജന്മം കൊണ്ട് പാവനമായ ഗുജറാത്ത് ഇന്ന് വംശവിദ്വോഷത്തിന്റെ മാരകമായ വിശലിപ്തതയുടെ നാമപദമായിമാറിയതുപ്പോലെ. എന്‍മകജെ എന്‍ഡോസര്‍ഫാന്‍ ഇരകളായ വിചിത്രമനുഷ്യര്‍ ജീവിക്കുന്ന സ്ഥലത്തിന്റെ പേരാണിന്ന്. എന്നാല്‍ അത് മാത്രമായിരുന്നോ എന്‍മകജെ. എന്‍മകജെയുടെ വശ്യമായ സൗന്ദര്യം അംബികാസുധന്‍ വിവരിക്കുന്നുണ്ട്. എന്‍മകജെ കുന്നുകളുടെ നാടാണ്. ഒന്നല്ല, ഒരായിരം കുന്നുകള്‍. കുന്നുകള്‍ക്കുള്ളിലൂടെ ഒഴുകുന്ന അരുവികള്‍, തോടുകള്‍. എന്‍മകജെയിലെ ഒരു വീട്ടിലും കിണറുകളില്ല. അത്രയ്ക്ക് സുലഭമായ ജലസ്രോതസുകള്‍. ബഹുവിധ മരങ്ങളുടെ കലവറ. ബ്രാഹ്മണാധിപത്യത്തിന് മുമ്പ് അവിടെയുണ്ടായിരുന്ന ജൈനമതക്കാര്‍ സന്ധ്യാനേരങ്ങളില്‍ വിളക്കുകത്തിക്കാറില്ലായന്നാണ് അവിടെത്തുകാരുടെ വിശ്വാസം. കാരണം വിളക്കില്‍ തട്ടി പ്രണികള്‍ ചത്തുപോകും. സര്‍വ്വജരാജരങ്ങളോളും അനുകമ്പയും സ്‌നേഹവുമുള്ളവര്‍. എന്‍മകജെ സത്യത്തിന്റെ നാടാണ്. അവിടെത്തെ പ്രധാന ടൗണിന്റെ പേര്തന്നെ സ്വര്‍ഗം എന്നാണ്. കന്നട, തെലുങ്ക്, മലയാളം അടക്കം ആറോ ഏഴോ ഭാഷകള്‍ സംസാരിക്കുന്ന ഒരു ജനത. വ്യത്യസ്ത സംസ്‌ക്കാരങ്ങളുള്ള മനുഷ്യരുടെ ഒരു സംഘമഭൂമിയാണ് എന്‍മകജെ. എന്‍മകജെ എന്നതിന്റെ അര്‍ത്ഥം തന്നെ എട്ട് സംസ്‌ക്കാരങ്ങളുടെ ദേശം എന്നാണ്. എന്‍മകജെയിലെ മനുഷ്യനേയും പ്രകൃതിയേയും മാത്രമല്ല ഈ ചരിത്രത്തേയും സംസ്‌ക്കാരത്തേയും കൂടിയാണ് എന്‍ഡോസര്‍ഫാന്‍ വിഷം നിശബ്ദമരണത്തിലേക്ക് പറിച്ചെറിഞ്ഞത്. ഈ നോവലിന്റെ ഒരു സവിശേഷത പരിസ്ഥിതിയുടെ സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിചെന്ന് പ്രകൃതിയും മനുഷ്യന്റെ അടങ്ങാത്ത ത്വരയും തമ്മിലുള്ള വൈരത്തിന്റെ കാഠിന്യം അനുഭവവേദ്യമാക്കുന്നതാണ്.
സ്ത്രീ,പുരുഷന്‍ എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് അംബികാസുതന്‍ നോവല്‍ ആഖ്യാനത്തിന് തെരഞ്ഞെടുത്തത്. പൂര്‍വാശ്രമത്തില്‍ അവര്‍ നീലകണ്ഠനും ദേവയാനിയുമാണ്. നഗരജീവിതത്തിന്റെ പൊരുത്തകേടുകളില്‍നിന്ന് ഓടിയൊളിച്ച് എന്‍മകജെയിലെ കാട്ടില്‍ മനുഷ്യ സഹവാസം ഉപേക്ഷിച്ച് ജീവിക്കുകയാണവര്‍. ആറുവര്‍ഷമായവര്‍ എന്‍മകജെയിലുണ്ട്. മനുഷ്യരുമായിയാതൊരു ബന്ധവുമില്ലാതെ. ഒരു കുഞ്ഞ് അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ അവരുടെ ജീവിതം തന്നേയും അട്ടിമറിയുകയാണ്. ദേഹമാകെ വ്രണങ്ങള്‍, കൈകാലുകളിലും സന്ധികളിലും ചോരപുണ്ണുകള്‍, മുടി പൂര്‍ണ്ണമായും നെരച്ച് കയിഞ്ഞിട്ടുണ്ട്. കുഞ്ഞിന് ഏഴു വയസ് പ്രയാമുണ്ടെന്ന് ആദിവാസിമൂപ്പന്‍ പഞ്ചു പറഞ്ഞപ്പള്‍ രണ്ട്‌പേരും അത്ഭുതപെടുന്നു. ഒരു വയസുപ്പോലും തോന്നിക്കാത്ത ഈ കുഞ്ഞിന് ഏഴു വയസോ. പഞ്ചുവിനോടൊപ്പം നീലകണ്ഠന്‍ എന്‍മകജെ ചുറ്റികാണുകയാണ്. ആ യാത്രയിലാണ് അയാള്‍ എന്‍മകജെയുടെ ചരിത്രവും മിത്തുകളും അറിയുന്നത്. അതോടൊപ്പം വര്‍ത്തമാനവും. എന്‍മകജെയിലെ തോടുകളില്‍ ഇപ്പോള്‍ മീനുകളില്ല. ചെറുതും വലുതുമായി നിറയെ മീനുകളുണ്ടായിരുന്ന പൂര്‍വ്വ കഥകള്‍ പഞ്ചു ഓര്‍ക്കുന്നു. മീനുകള്‍ മാത്രമല്ല. അവിടെ മൃഗങ്ങളേയൊ പക്ഷികളേയോ നീലകണ്ഠന്‍ കണ്ടില്ല. ഒരു ചിത്രശലഭത്തെപ്പോലും കണ്ടില്ല. നീലകണ്ഠന്‍ അത്ഭുപ്പെട്ടു ഒരു കാക്ക പോലുമില്ലാത്ത നാടോ?.
പഞ്ചു എന്‍മകജെയിലെ പാരമ്പര്യ വൈദ്യനാണ്. എന്‍ഡോസര്‍ഫാന്‍ ഇരകളെ ചികിത്സിക്കുന്നത് പഞ്ചുവാണ്. പഞ്ചിവിനോടൊപ്പമാണ് നീലകണ്ടന്‍ രോഗികളെ സന്ദര്‍ശിക്കുന്നത്. ആ സംന്ദര്‍ഭം അംബികാസുതന്‍ ആവിഷ്‌ക്കരിക്കുന്നത് അത്ഭുതാവഹമാണ്. വായനയുടെ അകത്ത് വിസ്‌ഫോടനങ്ങള്‍ ഉണ്ടാവണമെന്ന കൃത്യമായ ലക്ഷ്യം അദ്ദേഹത്തിനുണ്ടായിരിക്കണം. വായനയുടെ ഓരോതാളുകളും മനസ്സില്‍ രോഷത്തിന്റെ തീപ്പൊരി വിതറിയെറിയുന്നു.
ഒരു രംഗം നോക്കൂ..
ഇപ്പോള്‍ അവര്‍ ശിവപ്പയുടെ വീട്ടിലാണ്.
“ഇരിക്കൂന്‍പ്പ”
നീലകണ്ഠന്‍ ഇരുന്നു. പഞ്ചി തിണ്ണയിലാണ് ഇരുന്നത്. ശിവപ്പ അകത്തേക്ക് നോക്കി ഉറക്കെ മകളെ വിളിച്ചു:
“ഭാഗ്യലക്ഷ്മി, ഇവിടെ വാ ”
അകത്ത് നിശനിശ്ശബ്ദത. മറുപടിയുണ്ടായില്ല. ശിവപ്പ ഒന്നു കൂടി വിളിച്ചു.
ഉള്‍മുറിയില്‍ നിന്നും പാദസരത്തിന്റെ ചെറിയ ഒച്ച മുഴങ്ങാന്‍ തുടങ്ങി.
ഭാഗ്യലക്ഷ്മി പുറത്തേക്ക് വന്നു.
പതിമൂന്ന്, പതിനാല് വയസുള്ള വെളുത്തനിറമുള്ള, ഐശ്യര്യമുള്ള പെണ്‍കുട്ടി.
പക്ഷേ, അടുത്തനിമിഷത്തില്‍ ഷോക്കേറ്റപോലെ ഒരു വിറ നീലകണ്ഠന്റെ ശരീരമറിഞ്ഞു.
കണ്ടത് സത്യമാണൊയെന്നുറപ്പുവരുത്താന്‍ അയാള്‍ ഒന്നുകൂടെ ഭാഗ്യലക്ഷിമിയുടെ മുഖത്തേക്ക് നോക്കി.
വലിയനാവ് പുറത്തേക്കിട്ടാണ് അവള്‍ നില്‍ക്കുന്നത്. ചുവന്ന്തുടുത്ത നാവ്. കീഴ്താടിയും കഴിഞ്ഞ് തൂങ്ങികിടക്കുകയാണ്. നിമിഷങ്ങള്‍ കഴിഞ്ഞിട്ടും ഭാഗ്യലക്ഷ്മി നാവ് ഉള്ളിലേക്കെടുക്കുന്നില്ല. വായ പൂട്ടുന്നില്ല...
വിഷാദം നിറഞ്ഞ സ്വരത്തില്‍ ശിവപ്പ പറഞ്ഞു.
“ഓക്ക് ബായ് പൂട്ടാങ്കയ്യ”
ചുമരില്‍ നിറയെ ദൈവങ്ങളുടെ കരിപിടിച്ച കലണ്ടര്‍ ചിത്രങ്ങള്‍ തൂങ്ങിനിന്നിരുന്നു. അവയ്ക്ക് മുന്നില്‍ ദുര്‍ഗ്ഗയെപോലെ ഭാഗ്യലക്ഷ്മി നിന്നു.”
ആഗോള കോപ്പറേറ്റ് മൂലധനവും തെറ്റായ കാര്‍ഷിക സംങ്കല്‍പ്പവും ചേര്‍ന്ന് തരിശാക്കിമാറ്റിയ ഒരു നാടിന്റെ പ്രകൃതിയേയും മനുഷ്യനേയും തിരിച്ചുപിടിക്കാന്‍ വനവാസം അവസാനിപ്പിച്ച് നീലകണ്ഠന്‍ പൂര്‍വ്വാശ്രമത്തിലെ സാമൂഹ്യപ്രവര്‍ത്തനം പുനരാരംഭിക്കുകയാണ്. അയാള്‍ എന്‍ഡോസര്‍ഫാന്‍ വിരുദ്ധസമരത്തില്‍ അണിചേരുന്നു. സമരം തുടങ്ങുന്നത് പ്രദേശത്തെ ഒരു ക്ലബില്‍ നിന്നാണ്. ശ്രീരാമയും ജയരാജനും കടന്നുവരുന്നതോടുകൂടി സമരത്തിന് സാര്‍വ്വദേശീയമായ നിരീക്ഷണ ഉള്ളടക്കം കൈവരുന്നുണ്ട്. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ഗാഢബന്ധവും പരിസ്ഥതിക്കേല്‍ക്കുന്ന മുറിവുകള്‍ക്കെതിരെ ഉണര്‍ന്നിരിക്കാനുള്ള പാരിസ്ഥിതികാവബോധവും ഈ നോവല്‍ മുന്നോട്ട് വെക്കുന്നു. പാരിസ്ഥിതക രാഷ്ട്രീയത്തിന്റെ സര്‍ഗാത്മകമായ മാനിഫെസ്റ്റോയായി എന്‍മകജെ എന്ന ഈ നോവല്‍ എക്കാലത്തും നമുക്ക് മുന്നില്‍ നടക്കുന്നുണ്ടാകും.
എന്‍മകജെയെപോലെ ഗ്രമത്തെ സുന്ദരമായ തന്‍മയത്തത്തോടെ ആവിഷ്‌ക്കരിച്ച മറ്റൊരു സര്‍ഗാത്മക രചന ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിയാസമായിരുന്നു. എന്നാല്‍ ഒ വി വിജയന്‍ അദ്ദേഹത്തിന്റെ തന്നെ അസ്ഥിത്വദുഖം ഖസാക്കിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തത്. അത് കാലത്തേയും ജീവിതത്തേയും അമൂര്‍ത്തവല്‍ക്കരിച്ചു. ഭാവിയിലേക്ക് ഒരുവിളക്കുമത് കൊളുത്തിവെക്കുന്നുമില്ല. മറ്റൊര്‍ത്ഥത്തില്‍ ഖസാക്ക് ലോകത്തിന്റെ ചരമഗീതമായിരുന്നു. ഖസാക്കിലേതുപോലെതന്നെ എന്‍മകജെയിലും ധാരാളമായി മിത്തുകളും പുരാണങ്ങളും ഉപയോഗിക്കുന്നുണ്ട്. പക്ഷെ അംബികാസുതന്‍ അത് ഉപയോഗിക്കുന്നത് താന്‍ അഭിമുഖീകരിക്കുന്ന ലോകത്തെ നിരാകരിക്കാനല്ല, പ്രശ്‌നവല്‍ക്കരിക്കാനാണ്. ലോകത്തിന് ചരമകുറിപ്പെഴുതി ഭാവനയില്‍ അഭിരമിക്കുന്ന എഴുത്തില്‍ നിന്ന് വ്യതിരക്തമായി എഴുത്ത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് അംബികാസുതന് ഉറപ്പുണ്ട്. അതുകൊണ്ട് തന്നെ എല്ലാ പ്രളയങ്ങള്‍ക്കുമൊടുവില്‍ ‘നോഹ’യുടെ ഒരു കപ്പല്‍ തുരുത്ത് അവശേഷിക്കുമെന്ന്, അവിടെനിന്ന് പുതിയലോകത്തിലേക്കുള്ള ഒരായിരം വിളക്കുമാടങ്ങള്‍ ഉതിര്‍കൊള്ളുമെന്നുമുള്ള ശുഭാപ്തിവിശ്വാസമാണ് എന്‍മകജെ പങ്കുവെക്കുന്നത്. നോവലിന്റെ അവസാനം നീലകണ്ഠന്‍ ചെന്നെത്തുന്ന ഗുഹ ഇത്തരമൊരു കപ്പല്‍ തുരുത്താണ്.
ഗുഹ പറയുന്നു;
“അഭയം വേണമെങ്കില്‍ നിങ്ങള്‍ക്ക് അകത്തുവരാം. പക്ഷെ അരയില്‍ ചുറ്റിയ ആ ജീര്‍ണ്ണതയുണ്ടല്ലോ?. അത് വലിച്ചെറിയണം.”
നീലകണ്ഠനും ദേവയാനിയും ഉടുതുണി ഉരിഞ്ഞ് ചാലിലേക്ക് വലിച്ചെറിഞ്ഞ് പൂര്‍ണ്ണ നഗ്നരായി ഗുഹയിലേക്ക് പ്രവേശിച്ചു. ഗുഹനിറയെ പലജാതി മൃഗങ്ങള്‍. പക്ഷകള്‍ പറവകള്‍ പാമ്പുകള്‍. ആ ഗുഹ പ്രകൃതിതന്നെയാണ്. പ്രകൃതിയില്‍ നിന്ന് അകന്ന് പോയ മനുഷ്യന്‍ പ്രകൃതിയിലേക്ക് തിരിച്ച് കയറുകയും പ്രകൃതിയുടെ മടിതട്ടില്‍ വളരുന്ന അനേകായിരം ജീവജാലങ്ങളില്‍ ഒന്ന് മാത്രമാണ് മനുഷ്യനും എന്ന തിരിച്ചറിവിലേക്ക് വികസിക്കുകയും ചെയ്യുന്നു. ഇങ്ങനെ പരിസ്ഥിതിയും മനുഷ്യനും ഒന്നായിതീരുന്ന പാരിസ്ഥിതിക രാഷ്ട്രീയത്തിന്റെ അനിവാര്യത എന്‍മകജെ ശക്തമായി മുന്നോട്ട് വെക്കുന്നുണ്ട്. ഭൂമി ഒരു സ്വകാര്യ സ്വത്തല്ല. അത് നാം ഉപയോഗിക്കുന്നത്‌നേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വരും തലമുറയ്ക്ക് വേണ്ടി കരുതിവെക്കണമെന്ന് മാര്‍ക്‌സ് പറയുന്നുണ്ട്.
ഈ നോവലിലെ ഒരു പ്രധാന നൂനത അനുഭവപ്പെടുന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതീകമായി അവതരിപ്പിച്ചക്കപ്പെട്ട നേതാവാണ്. ഒരു ഗുണ്ട ഒരുപക്ഷെ ഏതൊരു പാര്‍ട്ടിയിലും കടന്ന് കൂടിയേക്കാം. എന്നാല്‍ രാഷ്ട്രീയത്തിന്റെ പ്രതീകമായി ഒരു ഗുണ്ടയെ കണക്കാക്കുമ്പോള്‍ അത് അയുക്തികമാണെന്ന് മാത്രമല്ല കേരളത്തിന്റെ പൊതുബോധത്തെ അവഹേളിക്കലുകൂടിയാണ്. എന്‍ഡോസര്‍ഫാന്‍ വിരുദ്ധ സമരം ജനകീയ സമരമായി ശക്തിയാര്‍ജിച്ച നാളുകള്‍ക്ക് മുമ്പുള്ള അതായത് 2000 ന് മുമ്പുള്ള കാലത്തെയാണ് നോവലില്‍ ഉള്ളടങ്ങിയതെന്ന് പിന്‍കുറിപ്പില്‍ അംബികാസുതന്‍ പറയുന്നുണ്ട്. എങ്കിലും നോവലിന്റെ രചനാകാലത്ത് കേരളത്തില്‍ ശക്തമായിരുന്ന രാഷ്ട്രീയ സമരത്തെ കണ്ട അംബികാസുതന് രാഷ്ട്രീയ പ്രതിനിത്യത്തെ കുറിച്ചുള്ള വിമര്‍ശനത്തിന് മറ്റൊരു മാര്‍ഗം സ്വീകരിക്കാമായിരുന്നു. എന്‍മകജെയിലെ ജനങ്ങളാണ് സമരം ആരംഭിച്ചത്. ഒരു പ്രദേശത്തെ സവിശേഷമായ പ്രശ്‌നത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു പ്രതികരണം അവിടെത്തെ ജനങ്ങള്‍തന്നെ തുടങ്ങിവെക്കുന്നത് പൊതു രാഷ്ട്രീയത്തിന്റെ ശ്രദ്ധയിലേക്ക് അത് കൊണ്ട് വരാനാണ്. എന്‍ഡോസര്‍ഫാനാണ് കാസര്‍ഗോട്ടെ പാവങ്ങളുടെ ജീവിതത്തില്‍ വിഷം കലര്‍ത്തുന്നതെന്ന് തിരിച്ചരിഞ്ഞമാത്രയില്‍ കേരളത്തിന്റെ പൊതുവികാരം എന്‍ഡോസര്‍ഫാന് എതിരായതും ഇന്നത് നിരോധിക്കുന്നതില്‍ വരെ കേരളം സമ്മര്‍ദ്ധശക്തിലായതും നാം കണ്ടതാണ്. ഒരു പക്ഷെ ഒരു സംസ്ഥാന സര്‍ക്കാര്‍തന്നെ സമരപ്രതീകമായിമാറുന്നത് ലോകത്തിന്റെ ചരിത്രത്തില്‍ ആദ്യമായിരിക്കും. അതെല്ലാം നാടകമാണ് ഞങ്ങളാണ് എന്‍ഡോസര്‍ഫാനെതിരെ ആദ്യം സംസാരിച്ചത് ഞങ്ങളുടെ സമരം മാത്രമാണ് ആത്മാര്‍മായത് എന്ന് അധിക്ഷേപിച്ച് ജനങ്ങളുടെ പൊതുമുന്നേറ്റത്തെ അപഹസിക്കുന്ന ചില ബുദ്ധിജീവികളുടെ ( അവരുടെ സംഭാവനകളും ചെറുതല്ല.) താന്‍പ്രമാണിത്വത്തിന് അടിയില്‍ അംബികാസുതന്‍ ഒപ്പ് ചാര്‍ത്തുകയില്ലായെന്നത് ഉറപ്പാണ്. കാരണം എന്‍മകജെ എഴുതിയ ഒരു എഴുത്തുകാരന് അതൊരിക്കലും സാധ്യമാവില്ല.

0 comments: