Gulab Jan

Gulab Jan

04-Aug-2010

സമരസാഗരത്തില്‍ തിരകള്‍ ഒടുങ്ങുന്നില്ല - അഭിമുഖം - പിണറായി വിജയന്‍/ ഗുലാബ്ജാന്‍

ഭരണകൂടവും രാഷ്ട്രീയ എതിരാളികളും മാധ്യമഭീകരതയും വളഞ്ഞിട്ട് ആക്രമിക്കുന്ന ഒരു രാഷ്ട്രീയവ്യക്തിത്വമാണ് പിണറായി വിജയന്‍. ഇടതുപക്ഷത്തിന്റെ കരുത്തനായ അമരക്കാരനെ മാനസികമായി തളര്‍ത്തിക്കളയാമെന്ന വ്യാമോഹമാണ് അവരെ നയിക്കുന്നത്. എന്നാല്‍ തനിക്കെതിരെ ഉയരുന്ന ഓരോ ആക്രമണവും വൈകാരികമായി കാണാതെ പാര്‍ടിക്കെതിരെയുള്ള ആക്രമണമായിക്കാണുന്നതിലാണ് അദ്ദേഹം വ്യത്യസ്തനാവുന്നത്. ഏത് പ്രതികൂല സാഹചര്യവും നേരിടാനുള്ള നിശ്ചയദാര്‍ഢ്യമാണ് കമ്യൂണിസ്റ്റുകാര്‍ക്ക് പിണറായി വിജയന്‍ നല്‍കുന്ന പാഠം. തിരക്കുകളൊഴിഞ്ഞ വേളയില്‍ തിരുവനന്തപുരം എ കെ ജി സെന്ററില്‍വെച്ച് അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍......


?കേരളത്തെ കുറിച്ച് നാം വെച്ചുപുലര്‍ത്തിപോന്ന കുറേ അവകാശവാദങ്ങളുണ്ടായിരുന്നു. കേരളം മതസൗഹാര്‍ദത്തിന് മാത്യകയാണ്. ഉയര്‍ന്ന സാംസ്‌കാരിക ബോധവും മാനവീയതയും കാത്ത് സൂക്ഷിക്കുന്നവരാണ് മലയാളി എന്നൊക്കെ. ഇന്ത്യയുടെ മറ്റുപല ഭാഗങ്ങളിലും വര്‍ഗീയത അഴിഞ്ഞാടുന്ന ഘട്ടങ്ങളിലും ഗുജറാത്ത് വംശഹത്യയുടെ നാളുകളില്‍ പോലും ജനാധിപത്യത്തിനും മതേതരത്വത്തിനും പരിക്കേല്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിമറിയുന്നു. കൈവെട്ടുന്നതടക്കമുള്ള താലിബാന്‍ മോഡല്‍ കേരളത്തിലും പരീക്ഷിക്കപെടുന്നു. എന്താണ് കേരളത്തില്‍ സംഭവിക്കുന്നത്.

കേരളം അടിസ്ഥാനപരമായി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വേറിട്ട് നിലനില്‍ക്കുന്നതിന് കാരണം ഇവിടെ നേരത്തെയുണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങളും അതിന്റെ തുടര്‍ച്ചയായി ശക്തിപ്പെട്ട ദേശീയ പ്രസ്ഥാനങ്ങളും കമ്മൃൂണിസ്റ്റ് പ്രസ്ഥാനങ്ങളും നടത്തിയപ്രവര്‍ത്തനങ്ങളാണ്. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ വലിയ രീതിയില്‍ ബഹുജനങ്ങള്‍ അണിനിരന്ന സമരങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. മതപരമായ അകല്‍ചയോ, ഭിന്നതയോ മറ്റ്് പലയിടത്തെന്നപോലെ കേരളത്തിലില്ല. ശക്തമായൊരു ഇടതുപക്ഷ സാന്നിദ്ധ്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇടതുപക്ഷ സ്വാധീനം ഇവിടെ വലിയ രീതിയില്‍ വര്‍ഗസംഘടനകള്‍ ഉയര്‍ന്ന് വരാന്‍ ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭരണവര്‍ഗരാഷ്ട്രീയത്തിന്റേയും സാമ്രാജ്യത്വത്തിന്റേയും ഒരു ടാര്‍ജറ്റായിരുന്നു ഇടതുപക്ഷം. അതിന്റെ ഭാഗമായിട്ടാണ് വിമോചനസമരമൊക്കെയുണ്ടാകുന്നത്. ഏത് വിധേനയും സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇടതുപക്ഷ സ്വാധീനത്തെ ശിഥിലമാക്കണമെന്നാണവര്‍ ചിന്തിക്കുന്നത്. അതിന്റെ ഭാഗമാണ് കേരള സമൂഹത്തെ അരാഷ്ട്രീയവത്ക്കരിക്കാനുള്ളശ്രമങ്ങള്‍.

വര്‍ഗീയത വളര്‍ത്തുന്നവര്‍ക്ക് വര്‍ഗസംഘടനകള്‍ ഒരു പ്രധാന തടസമാണ്. നേരെത്തെതന്നെ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ച ആര്‍എസ്എസും അവരുടെ സ്വാധീനത്തിന് തടസമായി കണ്ടത് സിപിഐ എമ്മിനെയാണ്. അതുകൊണ്ടാണ് അവര്‍ സിപിഐ എമ്മിനെ ശാരീരികമായി ആക്രമിക്കുന്ന നില സ്വീകരിച്ചത്. അതിനവര്‍ക്ക് ഒരു മുന്‍കാല മാതൃകയുണ്ടായിരുന്നു. അത് മുംബൈയിലെ അനുഭവമാണ്. മുംബൈയില്‍ നേരത്തെ ശക്തമായ ട്രേഡ് യൂണിയന്‍ പ്രസ്ഥാനമുണ്ടായിരുന്നു. ആ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് നേരെ മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തിക്കൊണ്ടുവന്ന് വ്യാപകമായ ആക്രമണങ്ങളഴിച്ചുവിട്ടായിരുന്നു ശിവസേന സ്വാധീനമുറപ്പിച്ചത്. അതില്‍ ഒരു പരിധിവരെ വിജയിക്കാന്‍ ശിവസേനയ്ക്ക് കഴിഞ്ഞു. അത് ഇവിടെ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമമായിരുന്നു സിപിഐ എമ്മിന് നേരെ ആര്‍ എസ് എസ് നടത്തിയ വ്യാപകമായ ആക്രമണങ്ങള്‍. അതിനെ ശക്തമായി പ്രതിരോധിച്ചതുകൊണ്ട് അവര്‍ ഉദ്ദേശിച്ച ഫലം നേടാനായില്ല. അവരുടെ ന്യൂനപക്ഷവിരുദ്ധത കേരളീയ സമൂഹം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി. എന്നാല്‍ നമ്മുടെ രാജ്യത്ത് ആകെ നടന്ന സംഘപരിവാറിന്റെ ആക്രമണത്തില്‍ വ്യാപകമായാണ് ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ടത്. ആര്‍ എസ് എസ്സിനും ഭൂരിപക്ഷ വര്‍ഗീയതയ്ക്കും അനുകൂലമായ നിലപാട് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. അത് ന്യൂനപക്ഷ വിഭാഗത്തില്‍് കടുത്ത അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്്. ഈ ആക്രമണങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അതിനെതിരിടാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ല. കുറ്റവാളികള്‍ സ്വതന്ത്രരായി നടന്നുപോകുന്നു. ഇങ്ങനെയൊരു അന്തരീക്ഷം വന്നപ്പോള്‍ എങ്ങനെ അതിനെ പ്രതിരോധിക്കും എന്ന ചിന്ത ന്യൂനപക്ഷവിഭാഗങ്ങളില്‍ ചിലര്‍ക്കിടയില്‍ ഉയര്‍ന്നുവന്നു.


ഇവിടെ ഒരു കാര്യം നാം കാണേണ്ടതായിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് മതനിരപേക്ഷശക്തികളാണ് കൂടുതലും. യുഡിഎഫ് മതനിരപേക്ഷമാണെന്നാണ് പൊതുവില്‍ അവകാശപ്പെടുന്നത്. പക്ഷെ തുടര്‍ച്ചയായി ഇത്തരം ശക്തികളെ പ്രോത്സാഹിപ്പിയ്ക്കുന്ന സമീപനമാണ് അവര്‍ സ്വീകരിച്ചുപോരുന്നത്. നേരത്തെ ആര്‍എസ്എസ്സുമായി കോണ്‍ഗ്രസ് എല്ലാ അര്‍ത്ഥത്തിലുമുള്ള ബന്ധം നിലനിര്‍ത്തിപോന്നിരുന്നു. വോട്ട് മറിച്ച് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് അവര്‍ക്കിടയില്‍ത്തന്നെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. എല്ലാ തെരഞ്ഞെടുപ്പിലുമുണ്ടായ പൊതുവായ അനുഭവമായിരുന്നു അത്. ആര്‍എസ് എസ്സിന്റെ കാര്യത്തില്‍ സ്വീകരിച്ച അതേ സമീപനമാണ് എന്‍ഡിഎഫ് വന്നതോടെ അവരോടും യൂഡിഎഫ് സ്വീകരിച്ചത്. മുസ്ലീംലീഗാവട്ടെ സ്വന്തം ചിറകിനടിയില്‍ നിര്‍ത്തിക്കൊണ്ടാണ് എന്‍ഡിഎഫിനെ സംരക്ഷിക്കുന്നത്. എവിടെയൊക്കെ ലീഗ് ആക്രമണപരമായി നീങ്ങിയിട്ടുണ്ടോ അവിടെങ്ങളിലെല്ലാം ആക്രമണത്തിന്റെ മുന്നില്‍ നിന്നിട്ടുള്ളത് എന്‍ഡിഎഫാണ്. ഈ കൂട്ടത്തില്‍തന്നെ കാണേണ്ടൊരു കാര്യമാണ് ക്രൈസ്തവവിഭാഗത്തില്‍ വന്നുകൊണ്ടിരിക്കുന്ന ചില മാറ്റങ്ങള്‍. ഇവിടെ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ കൂടെ ഒരു കാലത്തുമില്ലാത്തരീതിയില്‍ മതന്യൂനപക്ഷവിഭാഗങ്ങള്‍ നിലയുറപ്പിയ്ക്കുന്നു. മുന്‍കാലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ അത് പ്രകടമായിരുന്നു. ഈ പശ്ചാത്തലത്തില്‍ മതന്യൂനപക്ഷവിഭാഗങ്ങളെ തിരിച്ചുപിടിയ്ക്കാനുള്ള വഴിവിട്ട ശ്രമം യൂഡിഎഫ് നടത്തി. അതിന്റെ ഫലമായാണ് ക്രൈസ്തവവിഭാഗത്തിലെ ഏതാനും പുരോഹിതന്മാര്‍ കടുത്ത ഇടതുപക്ഷ വിരുദ്ധ നിലാപാട് സ്വീകരിച്ചത്. അത് രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വീകരിച്ച ഒരു നിലപാടല്ല. നേരത്തെതന്നെ അവര്‍ക്ക് ഇടതുപക്ഷവിരുദ്ധതയുണ്ട്. എന്നാല്‍ യുഡിഎഫ് കൂടി ഇടപെട്ട് അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലവന്നു. അത് ക്രൈസ്തവ വിഭാഗത്തിലെ കുട്ടികള്‍ അവരുടെ സ്‌കൂളില്‍ മാത്രമെ പഠിയ്ക്കാവൂ എന്നുപറയുന്നതുവരെയെത്തി. സമൂഹത്തില്‍ മതപരമായ ഭിന്നതകള്‍ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ആദരണീയരായ പുരോഹിതന്മാരുടെ അടുക്കല്‍നിന്നുതന്നെ വരാന്‍തുടങ്ങി. മതനിരപേക്ഷ സമൂഹത്തിന് ചേരാത്ത വാദഗതികളാണ് അവ. ഇതിന്റെയെല്ലാം ഫലമാണ് നമ്മുടെ നാടിന്റെ അന്തരീക്ഷം ആകെ മാറുന്നത്. എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള വര്‍ഗീയ ശക്തികള്‍ക്ക് നല്ല പ്രോത്സാഹനം കിട്ടുന്ന നിലവന്നു. ഇതില്‍ കാര്യമായ തിരുത്തല്‍ മതനിരപേക്ഷശക്തികള്‍ വരുത്തിയാല്‍മാത്രമേ വര്‍ഗീയശക്തികളെ ഫലപ്രദമായി നേരിടാനാവൂ.

ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ടപ്പോഴെല്ലാം അതിനെതിരെ ശക്തമായ പ്രതിരോധമാണ് ഇടതുപക്ഷം ഉടര്‍ത്തിക്കൊണ്ട് വന്നത്. എന്നാല്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ഇടതുപക്ഷം നടത്തുന്ന ഇടപെടലുകള്‍ ന്യൂനപക്ഷപ്രീണനമായാണ് ചിത്രീകരിക്കപ്പെട്ടന്നത്. 'ന്യൂനപക്ഷപ്രീണനം' നടത്തുന്നു പിണറായിവിജയന്‍ എന്നൊരാരോപണവും നിലവിലുണ്ട്. അതേസമയം തന്നെയാണ് ''നികൃഷ്ടജീവി'' എന്നടക്കമുള്ള കടുത്ത പ്രയോഗങ്ങളിലൂടെ പൗരോഹിത്യത്തെ സഖാവ് നേരിടുന്നത്. എന്‍ഡിഎഫിനും ജമാഅത്തെ ഇസ്ലാമിക്കുമെതിരേയുള്ള നിലപാട് കണിശമാണ്. ഇപ്പോള്‍ ഹിന്ദുത്വകാര്‍ഡ് കളിയ്ക്കുകയാണ് എന്നും ആരോപിയ്ക്കുന്നുണ്ട്. ഇടതുപക്ഷത്തിന്റെ സമീപനങ്ങള്‍ പൊതുവില്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ടോ?

ഇടതുപക്ഷത്തേക്ക് മതവിശ്വാസി കടന്നുവരുന്നത് തടയാനുള്ള ബോധപൂര്‍വ്വമായ പ്രചാരണങ്ങളാണ് ഇവയൊക്കെ. ഇവിടെ ഒരുകാര്യം നമ്മള്‍ ആദ്യം കാണണം. മതവിശ്വാസവും വര്‍ഗീയതയും തമ്മില്‍ യാതൊരു ബന്ധവുമില്ല. യഥാര്‍ത്ഥ മതവിശ്വാസികളെല്ലാം മതനിരപേക്ഷചിന്താഗതിക്കാരാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മതവിശ്വാസികളില്‍ മഹാഭൂരിപക്ഷവും മതനിരപേക്ഷതയുടെ ഒപ്പം നില്ക്കുന്നവരാണ്. ഹിന്ദു ജനവിഭാഗത്തില്‍ ആര്‍എസ്എസ്സ് നാമമാത്രമാണ്. ഏതാനും ചിലരാണ് ഭീകരരായിട്ടുള്ളത്. ഞങ്ങള്‍ എല്ലാക്കാലത്തും എതിര്‍ക്കുന്നത് വര്‍ഗീയതയെയാണ്. ആര്‍ എസ്എസ്സിന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ആക്രമണങ്ങളുടെ ഫലമായി ആയിരക്കണക്കിനാളുകള്‍ കൊലചെയ്യപ്പെട്ടു. ന്യൂനപക്ഷവിഭാഗങ്ങള്‍ ക്രൂരമായ രീതിയില്‍തന്നെ വേട്ടയാടപ്പെടുകയും കൊള്ളയടിയ്ക്കപ്പെടുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തില്‍ സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ നിശിതമായ വിമര്‍ശനം ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നു. അതിന്റെയര്‍ത്ഥം ഭൂരിപക്ഷവര്‍ഗീയതയ്ക്കുമാത്രമാണ് വിമര്‍ശനമെന്നല്ല. ന്യൂനപക്ഷവര്‍ഗീയതയ്‌ക്കെതിരേയും ഞങ്ങളുടെ നിലപാട് അതുതന്നെയാണ്.

പക്ഷെ ഒരു വസ്തുത നാം കാണണം. ഏകപക്ഷീയമായ ആക്രമണങ്ങളായിരുന്നു ആര്‍എസ്എസ്സിന്റെ ഭാഗത്തുനിന്നുണ്ടായത്. ആ ആക്രമണങ്ങളെല്ലാം പരിശോധിച്ചാല്‍ മുന്‍കൂട്ടി ആര്‍എസ്എസ്സ് ആസൂത്രണം ചെയ്തതാണെന്ന് കാണാന്‍ കഴിയും. അതുകൊണ്ടാണ് ആര്‍എസ്എസ്സിനെ ശക്തമായി എതിര്‍ക്കുന്ന നിലവന്നത്. ആ അന്തരീക്ഷത്തില്‍ നിന്ന് പുതിയ ചില സാഹചര്യങ്ങള്‍ ഇപ്പോള്‍ വന്നിരിക്കുന്നു. ന്യൂനപക്ഷവിഭാഗത്തില്‍തന്നെ ചില വര്‍ഗീയസംഘടനകള്‍ ശക്തിപെട്ടിരിക്കുന്നു. കേരളത്തിന്റെ അവസ്ഥയെടുത്താല്‍ എന്‍ഡിഎഫ്, പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ എന്നൊക്കെയുള്ള പേരില്‍ അറിയപ്പെടുന്ന ഈ സംഘടന കറകളഞ്ഞ തീവ്രവാദ സംഘടനയാണ്. അവര്‍ രൂപംകൊണ്ടിട്ട് ഏതാനും കൊല്ലങ്ങളേ ആയിട്ടുള്ളൂവെങ്കിലും 22 കൊലപാതകങ്ങള്‍ അവര്‍ നടത്തിക്കഴിഞ്ഞു. ഈ സംഘടന മുസ്ലിംവിഭാഗത്തിന്റെ ജനാധിപത്യ ഇടപെടലുകളെ തകര്‍ക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഗീയമായി കാര്യങ്ങള്‍ അവതരിപ്പിയ്ക്കാനാണ് അവര്‍ പരിശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ അവരേയും ആര്‍എസ്എസ്സിനെപ്പോലെതന്നെ എതിര്‍ക്കേണ്ട നിലയാണ് വന്നിരിക്കുന്നത്. ഇതില്‍ ഞങ്ങള്‍ക്ക് ആരെയെങ്കിലും പ്രീണിപ്പിക്കേണ്ട യാതൊരാവശ്യവുമില്ല. ഞങ്ങള്‍ ജനങ്ങളുടെ പക്ഷത്താണ്. കാരണം ഏത് വര്‍ഗീയ സംഘടനയായാലും വര്‍ഗപ്രസ്ഥാനങ്ങളെ ശിഥിലീകരിയ്ക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ ഐക്യത്തെ ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനെതിരെ ഉറച്ച നിലപാട് ഞങ്ങള്‍ സ്വീകരിക്കും. ഈ രണ്ടുവര്‍ഗീയതയും ഞങ്ങള്‍ക്കെതിരെ ഒന്നിയ്ക്കുന്നതും കാണാന്‍ കഴിയും. രണ്ടുകൂട്ടരും കൊലപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്നത് ഞങ്ങളുടെ സഖാക്കളെയാണ്. ഉത്തരവാദിത്തപ്പെട്ട സഖാക്കളെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ അത് ഒരു നഷ്ടമായികണ്ട് വിലപിച്ചിരിക്കുകയല്ല ഞങ്ങള്‍. അത്തരംകാര്യങ്ങള്‍ ഈ വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി സംഭവിക്കുന്നു. അത് കൂടുതല്‍ കരുത്തോടെ അവര്‍ക്കെതിരെയുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ ഞങ്ങളെ പ്രാപ്തമാക്കുകയാണ്.

കേരളത്തിലെ ആസൂത്രിത കലാപങ്ങളില്‍ ഒന്നായിരുന്നു തലശ്ശേരി കലാപം. അത് അമര്‍ച്ചചെയ്യുന്നതില്‍ സാഖാവ് വഹിച്ചപങ്ക് വിതയത്തില്‍ കമ്മീഷന്‍ തന്നേയും എടുത്ത് പറഞ്ഞിട്ടുണ്ട്. കലാപത്തിനെതിരെ അന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു?

തലശ്ശേരികലാപം ആര്‍എസ്എസ് ബോധപൂര്‍വ്വം ആസൂത്രണം ചെയ്തതാണ്. കലാപത്തിന്റെ ഘട്ടത്തില്‍ അതിന്റെ ഭാഗമായി എന്തൊക്കെ സംഭവിയ്ക്കും എന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. പെട്ടെന്ന് ഒരുദിവസം കലാപം ആരംഭിക്കുകയായിരുന്നു. അവിടെ ഒരു കലശഘോഷയാത്ര നടന്നിരുന്നു. ആ കലശഘോഷയാത്രയ്ക്കുനേരെ തലശ്ശേരി ടൗണിലെ നൂര്‍ജഹാന്‍ ഹോട്ടലിന്റെ മേലെനിന്ന് ചെരിപ്പെറിഞ്ഞു എന്ന് ആര്‍ എസ്എസ്സ് കഥയുണ്ടാക്കി. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. ആക്രമണം നടത്താന്‍ വേണ്ടിയുണ്ടാക്കിയ ഒരു കഥയായിരുന്നു. അങ്ങനെയാണ് കലാപം ആരംഭിക്കുന്നത്. പിറ്റേ ദിവസം ആകുമ്പോഴേക്കും ഒരുപാട് നുണക്കഥകള്‍ പ്രചരിപ്പിക്കപ്പെട്ടു. വര്‍ഗീയകലാപത്തിന്റെ അനുഭവമില്ലാത്ത ഒരു നാട്ടില്‍ നുണയേത് യാഥാര്‍ഥ്യമേത് എന്ന് സാധാരണക്കാര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തങ്ങളുടെ കണ്‍മുന്നില്‍വെച്ചുനടന്ന സംഭവം എന്ന രീതിയിലാണവര്‍ നുണകള്‍ പ്രചരിപ്പിച്ചത്. അതില്‍ മുസ്ലിംങ്ങള്‍ ഹിന്ദുസ്ത്രീകളെ അപമാനിച്ചുവെന്ന കഥയുണ്ട്. ക്ഷേത്രങ്ങള്‍ ആക്രമിച്ചുവെന്ന കഥയുണ്ട്. കൂട്ടംകൂടി വന്ന് ഹിന്ദുക്കളെ ആക്രമിക്കാന്‍ പോകുന്നുവെന്ന കഥയുണ്ട്. ഇതിന്റെ ഭാഗമായി സ്വാഭാവികമായി ഹിന്ദുവികാരം ഉയര്‍ന്നുവരാനുള്ള സാദ്ധ്യത രൂപപ്പെടുകയായിരുന്നു. അത്തരമൊരു ഘട്ടത്തിലാണ് ഞങ്ങള്‍ തലശേരിയിലുള്ള പാര്‍ടിപ്രവര്‍ത്തകര്‍ ഒത്തുകൂടി ഒരു കാറില്‍ കൊടികെട്ടി മൈക്ക്‌കെട്ടി സമാധാന അഭ്യര്‍ത്ഥനയുമായി നാട്ടിലാകെ സഞ്ചരിയ്ക്കാന്‍ തീരുമാനിച്ചത്. മതസൗഹാര്‍ദം കാത്തുസൂക്ഷിയ്ക്കണമെന്നും നുണപ്രചരണങ്ങളില്‍ നാട്ടുകാര്‍ കുടുങ്ങരുതെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പറഞ്ഞുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര.

ആ യാത്രക്കിടയില്‍ ഞങ്ങളൊരു മുസ്ലിം കേന്ദ്രത്തിലെത്തിയപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഹിന്ദുസഖാക്കളോട് അല്പം പരുഷമായി പെരുമാറുന്ന നിലവരെയുണ്ടായി. മറ്റൊരു കേന്ദ്രത്തിലെത്തിയപ്പോള്‍ മുസ്ലിം സഖാക്കളോട് തട്ടിക്കയറുന്ന നില ഹിന്ദുക്കളുടെ ഭാഗത്തുനിന്നുണ്ടായി. ഈ തരത്തിലൊരു ചേരിതിരിവ് ജനങ്ങളിലുണ്ടായിരുന്നു. ആ ചേരിതിരിവ് തടയാന്‍ കഴിഞ്ഞത് പാര്‍ടിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍കൊണ്ടുതന്നെയാണ്. പാര്‍ടി ആ ഘട്ടത്തില്‍ നല്കിയ ഒരു ആഹ്വാനമുണ്ടായിരുന്നു. ആത്മഹൂതി ചെയ്തുപോലും മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കണം. അതായത് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ശാരീരികമായി തടയണമെങ്കില്‍ അങ്ങനേയും ചെയ്യണം. ഇതായിരുന്നു പാര്‍ടിയെടുത്ത നിലപാട്. കലാപം പടരുന്ന അവസ്ഥ വന്നപ്പോള്‍ ഞങ്ങളുടെ വോളണ്ടിയര്‍മാര്‍ എല്ലാ സ്ഥലത്തും കാവല്‍നില്ക്കാന്‍ തീരുമാനിച്ചു. ആരാധനാലയങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമുണ്ടെന്ന് മനസ്സിലാപ്പോള്‍ ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള ആരാധനാലയങ്ങള്‍ക്കുമുന്നിലെല്ലാം പാര്‍ട്ടി വോളണ്ടിയര്‍മാര്‍ കാവല്‍നിന്നു. അതിലൊരു സംഭവമാണ് സഖാവ് യു കെ കുഞ്ഞിരാമന്‍ കൊലചെയ്യപ്പെട്ട സംഭവം. പെരുവംമ്പായിപള്ളി ആക്രമിയ്ക്കാന്‍ വേണ്ടി ആര്‍എസ്എസ് നേതൃത്വത്തില്‍ ഒരു സംഘം വന്നു. പള്ളിയുടെ മുന്നില്‍നില്ക്കുന്ന പാര്‍ടിവോളണ്ടിയര്‍മാരുടെ ലീഡറാണ് യു കെ കുഞ്ഞിരാമന്‍. അവര്‍ക്ക് പള്ളി ആക്രമിക്കണമെങ്കില്‍ പാര്‍ടി വോളണ്ടിയര്‍മാരെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയതിനുശേഷമേ കഴിയൂ. അതിന് പറ്റാത്തതുകൊണ്ട് അവര്‍ തിരിച്ചുപോയി. അതിന് പ്രതികാരമായിട്ടാണ് രാത്രി മുഴുവന്‍ പള്ളിക്ക് കവല്‍ നിന്ന യു കെ കുഞ്ഞിരാമന്‍ പിറ്റേദിവസം രാവിലെ വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ വിജനമായൊരു സ്ഥലത്തുപതിയിരുന്ന ആര്‍എസ്എസ്സുകാര്‍ ആക്രമിച്ച് കൊലപ്പെടുത്തുന്നത്. തലശേരി കലാപത്തില്‍ പലര്‍ക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്, വീട് നഷ്ടപ്പെട്ടവരുണ്ട്, പണം നഷ്ടപ്പെട്ടവരുണ്ട്. പക്ഷെ ജീവന്‍ നഷ്ടപ്പെട്ടത് ഞങ്ങള്‍ക്കായിരുന്നു. പക്ഷെ ഞങ്ങളത് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുപോയി എന്നുകരുതി ദു:ഖിച്ചിരിക്കുകയല്ല ചെയ്തത്. ഇത്തരമൊരുകാര്യത്തില്‍ ഇടപെടുമ്പോള്‍ അങ്ങനേയുമുണ്ടാകാം എന്നുതന്നെയാണ് ഞങ്ങള്‍ കണക്കാക്കുന്നത്. അതിന് തയ്യാറായി തന്നെയാണ് സഖാക്കള്‍ പലയിടത്തും കാവല്‍ നിന്നിരുന്നത്. നുണകള്‍ പ്രചരിപ്പിച്ച് ആളുകളെ ഇളക്കിവിട്ട് ഒരുകലാപം സംഘടിപ്പിക്കുന്നതിന്റെ ലക്ഷണമൊത്തൊരുദാഹരണമായിരുന്നു തലശേരി കലാപം. എന്നാല്‍ കലാപം അടിച്ചമര്‍ത്താന്‍ എല്ലാശ്രമങ്ങളും നടത്തിയ സിപി ഐഎമ്മിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത് വരുകയായിരുന്നു കോണ്‍ഗ്രസ് ഗവണ്‍മെന്റ് എന്നതാണ് അന്നത്തെ ഏറ്റവും വലിയ പ്രത്യേകത. സിപിഐ എമ്മാണ് കലാപമുണ്ടാക്കിയത് എന്ന് വരെ അവര്‍ പ്രചരിപ്പിച്ചു. ആര്‍എസ്എസ്സിനെ കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയതേയില്ല. നമ്മുടെ ചില സഖാക്കളെ അവര്‍ അറസ്റ്റു ചെയ്തു. സഖാവ് വേലായുധന്‍ നമ്പ്യാരെ ഉമ്മന്‍ചിറ പള്ളിക്കടുത്തുവെച്ച് അറസ്റ്റു ചെയ്യാനുള്ളൊരു ശ്രമം നടന്നു. അതൊരു മുസ്ലീം പ്രദേശമാണ്. അവിടുത്തെ മുസ്ലിംസ്ത്രീകടക്കം ഇറങ്ങിവെന്ന് പോലീസുകാരെ ഉപരോധിച്ചു. വേലായുധന്‍നമ്പ്യാരെ അറസ്റ്റ് ചെയ്യാന്‍പറ്റില്ലെന്ന് പറഞ്ഞു. അവരാണ് ഞങ്ങളെ സംരക്ഷിയ്ക്കാന്‍ ഇവിടെ ഉണ്ടായിരുന്നത്. അവരെ കൊണ്ടുപോകാന്‍ സമ്മതിയ്ക്കില്ലെന്ന നിലപാട് സാധാരണസ്ത്രീകള്‍വരെ സ്വീകരിക്കുന്ന നിലയുണ്ടായി. ജനങ്ങള്‍ കോണ്‍ഗ്രസിന്റെ ദുഷ്പ്രചരണത്തിനൊന്നും കുടുങ്ങാന്‍ തയ്യാറാവില്ലെന്ന്് ബോധ്യപെടുത്തുന്ന വികാര പ്രകടനങ്ങളായിരുന്നു അവിടെ നടന്നത്. എന്താണ് സിപിഎം അന്ന് ചെയ്തതെന്ന് നാട്ടുക്കാര്‍ക്ക് നന്നായിട്ടറിയാം.

1969ല്‍ ഗവണ്‍മെന്റ് ജനകീയപ്രതിഷേധങ്ങളെ നേരിടാന്‍ സിആര്‍പിഎഫിനെ നിയമിച്ചഘട്ടത്തില്‍ ആദ്യത്തെ ലാത്തിചാര്‍ജ് തലശേരി കോടതിയ്ക്കുമുന്നിലായിരുന്നല്ലോ? അന്ന് സഖാവിനു മാരകമായ മര്‍ദനം ഏല്‍ക്കുകയുണ്ടായി.
അത് കോടതിവിധിയ്‌ക്കെതിരെയുള്ള ഒരു പ്രക്ഷോഭമായിരുന്നു. ആ സമരത്തിനുനേരെ പോലീസ് ലാത്തിച്ചാര്‍ജ്ജുണ്ടായി. കാലിന് സ്വാധീനമില്ലാതിരുന്ന ഒരു വിദ്യാര്‍ത്ഥിയുണ്ടായിരുന്നു. ഓടാനൊന്നും കഴിയില്ല. അയാളെ പോലീസ് വളഞ്ഞിട്ട് അടിയ്ക്കുന്നതുകണ്ടപ്പോള്‍ ഞാന്‍പോയി പിടിച്ചു. അപ്പോള്‍ പിന്നെ പോലീസ് എന്റെ നേരെയായി. വലിയ മര്‍ദ്ദനമായിരുന്നു. യഥാര്‍ത്ഥത്തില്‍ ലാത്തിപൊട്ടുക എന്നൊക്കെപറയാറില്ലെ അതുപോലെ. തല്ലുകൊണ്ടെങ്കിലും ഞാന്‍ ആ വിദ്യാര്‍ത്ഥിയെ പൊക്കിയെടുത്ത് അവിടെ നിന്ന് മാറ്റി.
സഖാവ് കെ എസ് എഫിന്റെ സംസ്ഥാന ഭാരവാഹിയായിരിക്കുന്ന കാലത്തായിരുന്നല്ലോ നക്‌സലിസത്തിന്റെ അലയടികള്‍ ഉണ്ടായത്. ഫിലിഫ് എം പ്രസാദടക്കമുള്ളവര്‍ അന്ന് സംസ്ഥാന സമിതിയില്‍ ഉണ്ടായിരുന്നു. എങ്ങിനെയായിരുന്നു അന്നത്തെ പ്രതിസന്ധിയെ അതിജീവിച്ചത്?

അത് കുന്നിക്കല്‍ നാരായണനും മറ്റും സജീവമായി ഉണ്ടായിരുന്ന കാലമായിരുന്നു. അവര്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് തീവ്രവാദരാഷ്ട്രീയം കടത്താനുള്ള വലിയ ശ്രമം നടത്തി. ഫിലിപ്പ് എം പ്രസാദിന്റെ നേത്യത്വത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്തിയത്. പക്ഷെ ഞങ്ങള്‍ അതിനെ ഫലപ്രദമായി നേരിട്ടു. തീവ്രവാദരാഷ്ട്രീയത്തിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ശരിയായ രാഷ്ട്രീയധാരണ നല്കുന്നതിനുവേണ്ടി വിദ്യാര്‍ത്ഥികളുടെ യോഗങ്ങള്‍ നിരന്തരം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വലിയരീതിയിലുള്ള സംശയങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടമായിരുന്നു അത്. ചില യോഗങ്ങളിലൊക്കെപോയാല്‍ വലിയ കെട്ട്പുസ്തകങ്ങളുമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ വരിക. അതില്‍നിന്ന് ഉദ്ധരണികള്‍ എടുത്ത് തര്‍ക്കിക്കും. പക്ഷെ അന്നത്തെ വിദ്യാര്‍ത്ഥിപ്രവര്‍ത്തകര്‍ക്ക് ഫലപ്രദമായി അതിനെ നേരിടാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഈ ആശയത്തിന്റെ സ്വാധീനം ഇല്ലാതാക്കാന്‍ നല്ലതുപോലെ കഴിഞ്ഞു. ഫിലിപ്പ് എം പ്രസാദുംമറ്റും ഒരു ഘട്ടത്തില്‍ കെഎസ്എഫ് പിടിച്ചടക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അന്നത്തെ വിദ്യാര്‍ത്ഥി സംഘടന ഇന്നത്തേതുപോലെ സുസംഘടിതമായിരുന്നില്ല. പാലക്കാടുവെച്ച് സമ്മേളനം നടത്തിയപ്പോള്‍ സമ്മേളനത്തില്‍ കുറച്ചുവിദ്യാര്‍ത്ഥികളെ ബോധപൂര്‍വ്വം അവര്‍ കടത്തിയിരുത്തി. അന്ന് പാലക്കാടുണ്ടായിരുന്ന ഒരു വേണു - കെ വേണുവല്ല വേറൊരാള്‍- ആണ് വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നത്. സമ്മേളത്തില്‍ കൃത്യമായ പ്രാതിനിധ്യസ്വഭാവം ഇല്ലാത്തതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കൊക്കെ കടന്നിരിക്കാന്‍ പറ്റും. പക്ഷെ അങ്ങനെ ഒരു പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ ആദ്യം പറ്റിയില്ല. അങ്ങനെ അവര്‍ക്ക് തല്ക്കാലം ഭൂരിപക്ഷം കിട്ടി. ഈ വന്ന വിദ്യാര്‍ത്ഥികള്‍ എല്ലാവരും നക്‌സലൈറ്റ് അനുഭാവികളായിരുന്നില്ല. വോട്ടിംഗ് ജയിക്കാന്‍വേണ്ടി മാത്രം കൊണ്ടുവന്നവരായിരുന്നു. ആ കമ്മിറ്റി കുറച്ചുമാസം പ്രവര്‍ത്തിച്ചു. അത് ഫിലിപ്പ് എം പ്രസാദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരുന്നു. അധികകാലം അവര്‍ക്ക് പ്രവര്‍ത്തിച്ചുപോകാന്‍ കഴിഞ്ഞില്ല. കാരണം ഈ ആശയത്തിന്റെ ഗൗരവം എവിടെയും ഉണ്ടായിരുന്നില്ല. അങ്ങിനെ കൊല്ലത്തെുവെച്ച് ചേര്‍ന്ന കണ്‍വെന്‍ഷന്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. അതിന്റെ സെക്രട്ടറി ഞാനായിരുന്നു. വൈക്കം വിശ്വന്‍ പ്രസിഡണ്ടും.

വളരെ പ്രയാസപ്പെട്ടായിരുന്നു സഖാവ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് എന്ന് കേട്ടിട്ടുണ്ട്.ജ്യേഷ്ഠനായിരുന്നില്ലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടന്നുവരുന്നതിന് പ്രേരണയായത്?

എന്റെ അച്ഛന്‍േറത് ഒരു കമ്യൂണിസ്റ്റ് കുടുംബമായിരുന്നു. അച്ഛന് കുറച്ച് ഭൂമിയൊക്കെ ഉണ്ടായിരുന്നു. അവിടെ കൃഷി ചെയ്യും. കൃഷി ഒത്തു പോകാതെയായപ്പോള്‍ ചെത്തുതൊഴിലാളിയായി. അമ്മ പതിന്നാലു കുഞ്ഞുങ്ങളെ പ്രസവിച്ചു എങ്കിലും മൂന്നു പേര്‍ മാത്രമേ ജീവിച്ചുള്ളൂ.അതില്‍ ഇളയവനായിരുന്നു ഞാന്‍. മൂത്ത മകന്‍ നാണു വിവാഹം ഒക്കെ കഴിച്ച് വേറെയാണ് താമസം. രണ്ടാമത്തെ ആള്‍ കുമാരന്‍ ഒരു ബേക്കറി നടത്തുകയായിരുന്നു- മൈസൂരില്‍. അച്ഛന്‍ മരിച്ചപ്പോള്‍ കുമാരേട്ടന്‍ അത് വിറ്റ് നാട്ടിലേക്ക് പോന്നു. ചേട്ടന്‍ പാര്‍ടി പ്രവര്‍ത്തകന്‍ ആയിരുന്നു. 1948ല്‍ പാര്‍ടി നിരോധിക്കപ്പെട്ട കാലത്ത് ഏട്ടന് പൊലീസിന്റെ തല്ലൂകൊണ്ടിട്ടുണ്ട്. ഏട്ടന്റെയും അമ്മയുടെയും പരിശ്രമംകൊണ്ടാണ് എനിക്ക് പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞത്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഞാന്‍ കര്‍ണാടകയിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പോയി. അവിടെ നിന്നും തിരിച്ചെത്തുമ്പോഴേക്കും കോളേജില്‍ ചേരേണ്ട സമയം കഴിഞ്ഞിരുന്നു. ആ വര്‍ഷം പടന്നയിലെ നെയ്ത്തു ശാലയില്‍ ജോലി ചെയ്തു. പിന്നീടാണ് ബ്രണ്ണന്‍ കോളേജില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നത്. അവിടെ കെഎസ്എഫിന്റെ സജീവ പ്രവര്‍ത്തകനായി. ഡിഗ്രിക്ക് പഠിക്കുമ്പോളാണ് കെഎസ്എഫിന്റെ ജില്ലാ സെക്രട്ടറിയാവുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം സജീവമായ ഘട്ടത്തില്‍ ഒരു ദിവസം പ്രിന്‍സിപ്പല്‍ രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞു. അങ്ങനെ ഏട്ടനെ വിളിച്ചുകൊണ്ടുപോയി. പ്രിന്‍സിപ്പല്‍ പറഞ്ഞു, ''വിജയന് രാഷ്ട്രീയത്തിലാണ് കൂടുതല്‍ കമ്പം. അത് നിയന്ത്രിക്കണം''. ഏട്ടന്‍ പറഞ്ഞു: മറ്റു കുഴപ്പങ്ങളൊന്നുമില്ലല്ലോ....രാഷ്ട്രീയമാകാമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്''.

എം എല്‍ എ ആയിട്ടുപോലും അടിയന്തിരാവസ്ഥയില്‍ ക്രൂരമായ ക്രൂശിക്കപ്പെട്ട ആളാണല്ലൊ സഖാവ്. അന്നത്തെ അനുഭവങ്ങള്‍?

അടിയന്തിരാവസ്ഥയില്‍ ആദ്യംതന്നെ അറസ്റ്റുചെയ്യപ്പെട്ട ഒരാളായിരുന്നു ഞാന്‍. അറസ്റ്റുചെയ്യാന്‍ വന്നത് കൂത്തുപറമ്പ് സി ഐ ജയറാം ആയിരുന്നു. എന്റെ പോലീസ് സ്റ്റേഷന്‍ പരിധി കൂത്തുപറമ്പല്ല, ധര്‍മ്മടമാണ്. അറസ്റ്റ് ചെയ്ത് അവര്‍ നേരെ കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ലോക്കപ്പിലേക്ക് പോകുമ്പോള്‍ ഒരു പോലീസുകാരന്‍ ഷര്‍ട്ട് അഴിയ്ക്കണമെന്നുപറഞ്ഞു. ഞാന്‍ ചോദിച്ചു അഴിയ്‌ക്കേണ്ടകാര്യമെന്താണ്. ഞാന്‍ ഇവിടെ ആത്മഹത്യചെയ്യാന്‍ വന്നിരിക്കയാണോ. ഞാന്‍ ഷര്‍ട്ടൊന്നും അഴിയ്ക്കുന്നില്ല. അത് നിങ്ങള്‍ എന്നോട് പറഞ്ഞിട്ടുകാര്യമില്ല സി ഐയോട് പറഞ്ഞോയെന്ന് പോലീസുകാരന്‍പറഞ്ഞു. ഞാന്‍ സി ഐയുടെ അടുത്തുചെന്നു.
'അതിപ്പോ ലോക്കപ്പ് ചെയ്യുമ്പോള്‍ ഷര്‍ട്ട് അഴിക്കണമെന്നാണ്....'
'അത് ആത്മഹത്യചെയ്യുമെന്ന് പേടിച്ചിട്ടല്ലെ. നിങ്ങളാണ് എന്നെ പിടിച്ചുകൊണ്ടുവന്നത്'.
'നമ്മള്‍ സംസ്‌കാരമില്ലാത്തവരാണല്ലോ'.
'ആ പറഞ്ഞതൊക്കെ പിന്നെ വെക്കാം!... ഞാന്‍ ഷര്‍ട്ടൊന്നും അഴിയ്ക്കാന്‍ പോകുന്നില്ല'.
'എന്നാല്‍ നിങ്ങളുടെ പോക്കറ്റിലെന്തെങ്കിലുമുണ്ടെങ്കില്‍ അത് ഇങ്ങുതന്നേക്കൂ'.
എന്റെ പോക്കറ്റില്‍ എംഎല്‍എ ഐഡന്റിറ്റികാര്‍ഡ് അല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അതുവാങ്ങിവച്ചു. ലോക്കപ്പിലുണ്ടായിരുന്ന ഒരു പായയെടുത്ത് ഞാന്‍ അവിടെ ഇരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് രണ്ടുപോലീസുകാര്‍ കടന്നുവന്നത്. കൂത്തുപറമ്പ് സ്റ്റേഷനിലോക്ക കൊണ്ട് വരുമ്പോള്‍ അതെന്തിനായിരിക്കുമെന്നത് എനിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. പോലീസുകാര്‍ എന്നെ അറിയാത്തഭാവത്തില്‍ 'നീയേതാടോ' എന്ന് ചോദിച്ചു. 'നീ എന്തിനിവിടെ വന്നു'. ഞാന്‍ പറഞ്ഞു 'സ്വമേധയാ ഇങ്ങോട്ടുവന്നതല്ല. എന്നെ ഇവിടെ കൊണ്ടുവന്നതാണ്'...
എന്താ പേര്?
പേര് വിജയന്‍.
എന്തു വിജയന്‍?
പിണറായി വിജയന്‍.
അതുപറഞ്ഞുതീരുമ്പോഴേക്കും ആദ്യത്തെ അടിവന്നു. ഞാനും ചെറുപ്പമായിരുന്നല്ലോ. ഒരടി ഞാന്‍ തടുത്തു. ലോക്കപ്പിനകത്ത് അടിവാങ്ങാറല്ലേയുള്ളൂ തിരിച്ചടിയില്ലല്ലോ. പിന്നീട് അവര്‍ രണ്ടുപേരും എന്നെ മാറിമാറി അടിച്ചു. പിന്നൊരാള്‍ കൂടി കടന്നുവന്നു. അവര്‍ മൂന്നുപേരും ചേര്‍ന്ന് തുടര്‍ച്ചയായിട്ടുള്ള അടിയാണ്. എത്ര അടികിട്ടിയിട്ടും ഞാന്‍ വീഴുന്നില്ല. അപ്പോ ഒരുത്തനൊരുവാശി വീഴ്ത്തണമെന്ന.് ഇവനെ ഞാന്‍ വീഴ്ത്തിതരാം എന്ന് പറഞ്ഞ് നിര്‍ത്താതെ അടിക്കാന്‍ തുടങ്ങി. അടികൊള്ളുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു 'നീ എന്തുവീഴ്ത്താനാടാ'...അപ്പോള്‍ വലിയ തോതില്‍ അടിയായി. പിന്നെ രണ്ടാള്‍കൂടി വന്നു. ദീര്‍ഘസമയമായി ഈ അടി ഇങ്ങനെ കൊണ്ടുകൊണ്ടിരിക്കുകയാണ്. പോലീസുകാര്‍ ഓരോരുത്തരായി കടന്നുവന്ന് അടിക്കുന്ന അവസ്ഥയെത്തിയപ്പോള്‍ ഞാന്‍ വീണു. വീണയുടനെത്തന്നെ എണീറ്റു. കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടാമതും വീണു. വീണ്ടും എണീറ്റു. മൂന്നാമത്തെ വീഴ്ചയില്‍ അവസാനം വന്ന തടിയനായ ഒരു പോലീസുകാരന്‍ എന്റെ പുറത്ത് അവില്‍ ഇടിയ്ക്കുന്നതുപോലെ കുറേ ചവിട്ടി. അതോടുകൂടി ബോധംപോയി. പിന്നെ എന്താ നടന്നതെന്ന് എനിക്കറിയില്ല. കുറേ കഴിഞ്ഞ് എന്റെ ശരീരത്തിലുണ്ടായ ബനിയന്‍ ആരോ ഊരിയെടുക്കുന്നതായി തോന്നി. അപ്പോള്‍ ഒരുമയക്കത്തിലായിരുന്നു. പിറ്റേന്നു രാവിലെയാകുമ്പോഴാണ് സംഭവം മനസ്സിലാക്കുന്നത്. അപ്പോഴും ശരീരത്തിലെന്താ സംഭവിച്ചിരിക്കുന്നതെന്ന് എനിക്കൊരു പിടിയുമില്ല. പ്രാഥമികാവശ്യം നിര്‍വ്വഹിക്കന്‍ ഒരു പോലീസുകാരന്‍ എന്നെ കിണറിനടുത്തേക്ക്‌കൊണ്ട്‌പോയി. കപ്പിയും കയറുമില്ല വെള്ളം വലിച്ചുകയറ്റണം. വെള്ളമെടുക്കാന്‍വേണ്ടി ഞാന്‍ നോക്കുമ്പോള്‍ അതിനെനിക്കാവുന്നില്ല. ശരീരമാകെ ചതഞ്ഞുകിടക്കുകയായിരുന്നു. ഒരു തവണപോലും വെള്ളം വലിച്ചുകയറ്റാന്‍ കഴിയാത്ത അവസ്ഥ. കൂടെവന്ന പോലീസുകാരന്‍ എന്റെ അവസ്ഥകണ്ട് വെള്ളം കോരിതന്നു. എന്നെ തല്ലിയവരെയൊക്കെ എ ആര്‍ ക്യാമ്പില്‍ നിന്ന് പ്രത്യേകം കൊണ്ടുവന്നവരായിരുന്നു. കൂത്തുപറമ്പ് സ്റ്റേഷനിലെ പോലീസുകാരായിരുന്നില്ല. ആരാ തല്ലിയതെന്ന് അതുകൊണ്ട് തന്നെ ഇപ്പോഴും അറിയില്ല. അവരെ അന്നത്തെ എസ് പി ജോസഫ് തോമസ് അടക്കം പ്ലാന്‍ ചെയ്തുകൊണ്ട് പ്രത്യേകമായി അയച്ചതായിരുന്നു. കൂത്തുപറമ്പുസ്റ്റേഷനിലെ പോലീസുകാര്‍ക്കും അവരെ അറിയില്ലായിരുന്നു. എന്നെ അടിച്ചുവീഴ്ത്തിയതിനുശേഷം അവര്‍ തിരിച്ചുപോകുകയും ചെയ്തു.
പിന്നീട് കൂത്തുപറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയി. കണ്ണൂര്‍ സ്റ്റേഷനിലെത്തുമ്പോള്‍ അവിടെ പുലിക്കോടന്‍ നാരായണന്‍ നില്ക്കുന്നു. ഞാന്‍ തല്ലുകൊണ്ട് അവശനായിരുന്നു. നടക്കാനും വലിയ വിഷമമുണ്ട്. 'എന്താ വിജയാ ക്ഷീണിച്ചു പോയല്ലോ' എന്നൊരുകമന്റ്. ഞാനൊന്നും മറുപടി പറഞ്ഞില്ല. ഒന്നു മൂളുക മാത്രം ചെയ്തു. അപ്പോള്‍ മനസ്സില്‍ കരുതി ഇനി കണ്ണൂര്‍ ജയിലില്‍ നിന്ന് ബാക്കിവിഹിതം വരാനുണ്ടാകും. കാരണം നാരായണന്‍ അത്തരത്തില്‍പ്പെട്ടൊരാളാണ്. പക്ഷെ നാരായണന്‍ ലീവിലായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലെത്തി. കാലിന്റെ പാദം പൊട്ടിയിട്ടുണ്ട്. അത് ജില്ലാഹോസ്പിറ്റലില്‍ കാണിച്ച് പ്ലാസ്റ്ററിട്ടു. തല്ലിന്റെ ഭാഗമായി എന്റെ ശരീരത്തിന്റെ പുറത്തുള്ള തൊലി കരുവാളിച്ച് പൊളിഞ്ഞ് അടര്‍ന്നുപോയിരുന്നു. തല്ലി തൊലിപൊളിയ്ക്കുക എന്നൊക്കെ പറയാറില്ലെ. അതുപോലെ. പതിനട്ട് മാസം അവിടെ തടവിലിട്ടു.
എന്നാല്‍ അന്നത്തെ എസ് പി തോമസ് അടുത്തകാലത്ത് ഒരു പത്രത്തിലെഴുതിയതായി കണ്ടു അയാളൊന്നും ചെയ്തിട്ടില്ലാ എന്ന്. ഈ തോമസ് ഞാന്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന സമയത്ത് ഒരു ദിവസം എന്റെ മുന്നില്‍പെട്ടിരുന്നു. അന്നത്തെ ഡിഐജിയോടൊപ്പമാണ് തോമസ് വന്നത്. അപ്പോഴേക്കും എന്റെ ചികിത്സയൊക്കെ കഴിഞ്ഞ് കാലിന്റെ പ്ലാസ്റ്ററൊക്കെ എടുത്തു കഴിഞ്ഞിരുന്നു. ഞാന്‍ ഇടതുപക്ഷം എന്നുപറഞ്ഞുകൊണ്ട് ഇടതുതീവ്രവാദം ഉയര്‍ത്തിക്കൊണ്ട് വരികയാണ്. അത് നന്നായി ചിലവാകും എന്നവര്‍ കണക്കാക്കുന്നു. ഇടതുപക്ഷതീവ്രവാദിളെ കൂടെ നിര്‍ത്തി പാര്‍ടിയെ നേരിടാനുള്ള ശ്രമം അതിന്റെ ഭാഗമാണ്. ആരാണ് ഇത്തരക്കാര്‍ക്ക് വേദിയൊരുക്കുന്നതെന്ന് നോക്കൂ. വലതുപക്ഷ മാധ്യമങ്ങള്‍ക്ക് പുറമേ ജമാഅത്തെ ഇസ്ലാമിയും അതുപോലെ ഫണ്ടിംങ് സംഘടനകളും. ജമാഅത്തെ ഇസ്ലാമിക്ക് എന്താ ഇടതുപക്ഷത്തോടുള്ള താല്‍പ്പര്യം. മാധ്യമം ഇത്തരക്കാര്‍ക്ക് വലിയരീതിയിലുള്ള പ്രചരണമാണ് കൊടുക്കുന്നത്.

പാര്‍ടി നേത്യത്വത്തില്‍ ന്യൂനപക്ഷ, ദളിത് കണ്‍വന്‍ഷനുകള്‍ വിളിക്കുന്നു. ആദിവാസികള്‍ക്ക് പ്രത്യേക സംഘടനയുണ്ടാക്കുന്നു. ഇത് വര്‍ഗരാഷ്ട്രീയത്തില്‍ നിന്നുള്ള വ്യതിചലനമാണെന്ന് ആക്ഷേപമുണ്ട്....?

പാര്‍ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം വര്‍ഗരാഷ്ട്രീയം ശക്തിപെടുത്താന്‍ വേണ്ടിയാണ്. അത് വര്‍ഗസമരം വിപുലപെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. നമ്മുടെ സമൂഹത്തില്‍ സ്വത്വബോധം നിലനില്‍ക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ആ സ്വത്വബോധത്തെ വര്‍ഗബോധമാക്കി ഉയര്‍ത്താനാണ് പാര്‍ടി ശ്രമിക്കുന്നത്. ഞങ്ങള്‍ ആദിവാസി ക്ഷേമ സമിതി രുപീകരിച്ചു. ആദിവാസികള്‍ക്ക് എന്തിനാണ് പ്രത്യേക സംഘടനയെന്ന് വേണമെങ്കില്‍ ചോദിക്കാം. ഞങ്ങള്‍ അത് രൂപീകരിച്ചത് അവരുടെ സ്വത്വബോധം വളര്‍ത്താനല്ല. ആദിവാസികള്‍ എന്ന നിലയില്‍ തന്നെയാണ് അവരെ സംഘടിപ്പിക്കുന്നത്. അതില്‍ സംശയമില്ല. അങ്ങിനെ സംഘടിപ്പിക്കുന്നത് അവകാശബോധമുള്ള ഒരു വിഭാഗമായി അവരെ ഉയര്‍ത്തുന്നതിന് വേണ്ടിയാണ്. അതിന്റെ പ്രതിഫലനം ഇന്ന് ആ വിഭാഗത്തില്‍ ഉണ്ടാകുന്നുണ്ട്. ആദിവാസികളെ തെരഞ്ഞെടുപ്പൊക്കെ വരുമ്പോള്‍ കുറേ പണം കൊടുത്ത് വോട്ട് ചെയ്യിപ്പിക്കാനുള്ള വോട്ടുബാങ്ക് ആയിട്ടാണ് നേരെത്തെ യൂഡിഎഫ് കണക്കാക്കി പോന്നത്. അത് ഇപ്പോള്‍ പൊളിഞ്ഞു. കാരണം അങ്ങിയൊരു വോട്ടുബാങ്കായി മാറാന്‍ ഇനി അവര്‍ തെയ്യാറാവില്ല. അത് ഞങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്നതാണ്. അവര്‍ വര്‍ഗബോധം ഉയര്‍ത്തിപിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതുപോലെ തന്നെയാണ് പട്ടികവിഭാഗത്തില്‍ പെട്ടവരുടെ യോഗം വിളിച്ചതും. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ ഞങ്ങള്‍ മുസ്ലിം വിഭാഗത്തിന്റെ പ്രത്യേകം യോഗം വിളിച്ചു. കാരണം ഒരു ന്യൂനപക്ഷവിഭാഗം എന്ന നിലയില്‍ ധാരാളം പ്രശ്‌നങ്ങള്‍ ആ വിഭാഗം നേരിടുന്നുണ്ട്. ആപ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഞങ്ങള്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗം എന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് പ്രത്യേകമായ ശ്രദ്ധവേണം എന്ന് കണക്കാക്കിയാണ്.

മാധ്യമങ്ങള്‍ ഇത്രയധികം ആക്രമിച്ച മറ്റൊരു നേതാവും ഉണ്ടാവാന്‍ ഇടയില്ല. പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റുകാരനെക്കുറിച്ച് പലതരത്തിലുള്ള വാര്‍പ്പ് മാതൃകകളാണ് മാധ്യമങ്ങള്‍ രൂപപ്പെടുത്തുന്നത്. ശരീരഭാഷയെ കുറിച്ചുപോലും വഷളന്‍ പഠനങ്ങള്‍ അവര്‍ നടത്തുന്നുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ എന്താണ് തോന്നാറുള്ളത്? എന്തുകൊണ്ടാണ് ഇങ്ങനെ ആക്രമിക്കപ്പെടുന്നത്?

അത് നമ്മള്‍ വ്യക്തിപരമായി എടുക്കേണ്ട കാര്യമില്ല. ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഘട്ടംതൊട്ട് രാഷ്ട്രീയമായി ഒരുപാട് ശത്രുക്കളെ നേരിടേണ്ടിവന്നിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ ഞാന്‍ ഒരു കമ്യൂണിസ്റ്റുകാരനായതുകൊണ്ട് സംഭവിക്കുന്നതാണ്. പാര്‍ടിയുടെ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്ന ഘട്ടങ്ങളില്‍ പലരീതിയിലുള്ള അക്രമണങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷെ അന്നൊന്നും മാധ്യമങ്ങളുടെ ശ്രദ്ധയില്‍ ഞാനില്ലല്ലോ. എന്നാല്‍ ഞാന്‍ എന്റെ പാര്‍ടിപ്രവര്‍ത്തനം നടത്തി പോരുന്നുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ എന്റെ പങ്ക് ഞാന്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായി ഞാന്‍ പാര്‍ടി സെക്രട്ടറിയറ്റില്‍വന്നു. അപ്പോഴും വലിയ മാധ്യമശ്രദ്ധ എന്റെ നേരെ പതിഞ്ഞില്ല. മന്ത്രിയായി. മന്ത്രിയായപ്പോള്‍ നല്ല രീതിയില്‍ എന്നെ സഹായിക്കുന്ന നിലപാടാണ് മാധ്യമങ്ങള്‍ സ്വീകരിച്ചത്. ആര്‍ക്കും പ്രത്യേകമായ ഒരു എതിര്‍പ്പുമുണ്ടായിരുന്നില്ല. ഞാന്‍ മന്ത്രിസ്ഥാനം വിട്ട് പാര്‍ട്ടി സെക്രട്ടറിയായി. മന്ത്രിസ്ഥാനം വിട്ടത് ശരിയായില്ലെന്ന് ചില മാധ്യമങ്ങള്‍ അന്ന് പറഞ്ഞിരുന്നു. പാര്‍ടി സെക്രട്ടറിയായതോടുകൂടി പാര്‍ടിയോടുള്ള എതിര്‍പ്പിന്റെ പ്രതീകമായി എന്നെ കാണുകയാണ്. അത് സ്വാഭാവികവുമാണ്. അത് വ്യക്തിപരമായി ഞാന്‍ എടുക്കേണ്ട കാര്യമില്ല. എനിക്കുനേരെ വരുന്ന ആക്രമണങ്ങളെ എങ്ങനെ നേരിട്ടുവെന്നുചോദിച്ചാല്‍ ഞാന്‍ സാധാരണപറയാറുള്ളതുപോലെ മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിയ്‌ക്കേണ്ടതുള്ളൂ. നമ്മുടെ കരങ്ങള്‍ ശുദ്ധമാണെങ്കില്‍ ഇതൊന്നും നമ്മെ ബാധിക്കില്ല. നേരിയ അബദ്ധം കാണിച്ചിട്ടുണ്ടെങ്കില്‍ വല്ലാതെ പിടയും. നമുക്ക് അഭിമുഖീകരിക്കാന്‍ വല്ലാത്ത പ്രയാസമുണ്ടാകും. ആദ്യഘട്ടത്തില്‍ പലതിനേയും ഞാനൊരു തമാശരൂപത്തിലായിരുന്നു എടുത്തിരുന്നത്. പക്ഷെ എന്റെ ഒരു ധാരണ എന്റെയൊക്കെ രാഷ്ട്രീയജീവിതം ഒരു തുറന്ന പുസ്തകമാണല്ലോ. അതിനകത്ത് ദുരൂഹതയുടെതായ ഒരു പ്രശ്‌നമില്ല. എന്തെങ്കിലും മറച്ചുവെയ്ക്കാനുമില്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രചാരണങ്ങള്‍ സാധാരണനിലയില്‍ ആരേയും സ്വാധീനിക്കില്ല എന്നായിരുന്നു.പക്ഷെ നമ്മുടെ നാട്ടിലുള്ള കുറേ മാധ്യമങ്ങള്‍ ഒന്നിച്ച് ഒരേ രീതിയില്‍ പറയുമ്പോള്‍ എന്നെക്കുറിച്ച് അടുത്തറിയാത്ത ആളുകള്‍ക്ക് ഈ പറയുന്നതില്‍ എന്തെങ്കിലും ചിലവസ്തുതകള്‍ ഉണ്ടോയെന്ന് സംശയിക്കുന്ന നിലവന്നു. അപ്പോഴും ഞാന്‍ പ്രത്യേക പ്രാധാന്യമൊന്നും കൊടുത്തിട്ടില്ല. പാര്‍ടിയ്ക്കുനേരെ ഉള്ള ആക്രമണങ്ങള്‍ എന്നെ ഒരു പ്രതീകമായിട്ടെടുക്കുന്നു എന്ന നിലിയില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. പാര്‍ടിഏല്പിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമ്പോള്‍ അതിന്റെ ഭാഗമായി ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുന്നുവെന്നേയുള്ളൂ.

0 comments: