Gulab Jan

Gulab Jan

30 Oct 2010

ഇ പി ജയരാജന്‍/ ഗുലാബ്ജാന്‍

കഴുത്തില്‍ വെടിയുണ്ടയുമായാണ് ഇന്ന് ഇ പി ജയരാജന്‍ ജീവിക്കുന്നത്. കോണ്‍ഗ്രസും ആര്‍ എസ് എസും പോലീസും ചേര്‍ന്ന് ക്രൂരമായിവേട്ടയാടിയ ഒരു രാഷ്ടീയ നേതാവാണ് ഇ പി. നാലു പതിറ്റാണ്ടിന്റെ നിരന്തര മര്‍ദ്ദനങ്ങളെ തൃണവല്‍ക്കരിച്ച് സമരമുഖങ്ങളില്‍ ജ്വലിച്ചു നിന്ന പോരാളി ഒടുവില്‍ വെടിയുണ്ടകൊണ്ട് അവസാനിപ്പിക്കാനുള്ള ശ്രമത്തേയും അതിജീവിച്ചു. ശാരീരികമായ അസ്വസ്ഥതകള്‍ വകവെക്കാതെ അവിശ്രമം അദ്ദേഹം ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി അംഗം, ദേശാഭിമാനി മേനേജര്‍, കര്‍ഷസംഘം സംസ്ഥാന പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍. വേട്ടയാടപ്പെടുമ്പോഴും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കമ്മൃൂണിസ്റ്റുക്കാരുടെ ജീവിക്കുന്ന പ്രതീകവും ആവേശവുമാണ് ജയരാജന്‍.

1995 ഏപ്രില്‍ 12 ന് ചന്ദീഗഢില്‍ സി പി ഐ എമിന്റെ പതിഞ്ചാം പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമമുണ്ടായത്. പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും അഴീക്കോട് മണ്ഡലം എം എല്‍ എയുമായിരുന്നു അന്നദ്ദേഹം. ട്രെയിനില്‍ വെച്ച് കൊന്ന് പുറത്തേക്ക് തള്ളാനായിരുന്നു പദ്ധതി. സഹയാത്രക്കാരുടെ സമയോചിതമായ ഇടപ്പെടലും ദീര്‍ഘനാള്‍ മദ്രാസിലും പിന്നീട് ലണ്ടനിലുമുള്ള ചികിത്സയ്ക്കും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്കും ശേഷമാണ് ജയരാജന്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. എം വി രാഘവനും കെ സുധാകരനും ആര്‍ എസ് എസും ചേര്‍ന്ന് നടത്തിയ അവിശുദ്ധ വേഴ്ച്ചയുടെ സന്തതിയായിരുന്നു ആ കൊലപാതക ശ്രമം. കണ്ണൂരില്‍ നൂറുക്കണക്കിന് സഖാക്കളെ കൊന്നു തള്ളിയിട്ടും തളരാത്ത ഒരു പ്രസ്ഥാനത്തിന്റെ നേതാക്കളെ ഉത്മൂലനം ചെയ്ത് തകര്‍ത്ത് കളയാമെന്ന വ്യമോഹമായിരുന്നു അവര്‍ക്ക്. പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും ഇ പിയേയും ഒരുമിച്ചായിരുന്നു ഉന്നം വെച്ചെതെങ്കിലും ഒത്തുകിട്ടിയത് ഇ പിയെയായിരുന്നു. ഈ പൈശാചികമായ രാഷ്ട്രി വെറിയെ സ: ഇ ബാലാനന്ദന്‍ അന്ന് ഇങ്ങനെ അനുസ്മരിച്ചു.'ഇ കെ ഇമ്പിച്ചിബാവയുടെ മൃതദേഹം പൊന്നാനിയില്‍ കബറടക്കിയശേഷം ഞാന്‍ കൊച്ചില്‍ എത്തിയപ്പോഴാണ് എകെ ജി സെന്ററില്‍ നിന്ന് രാജേന്ദ്രന്‍ ജയരാജന്‍ വെടിയേറ്റ വിവരം വിളിച്ചറിയിക്കുന്നത്. ജയരാജനേയും ഭാര്യ ഇന്ദിരരേയും കുട്ടികളേയും ചന്ദീഗഢില്‍ പാര്‍ട്ടി സമ്മേളന സ്ഥലത്ത് വെച്ച് കണ്ടതും കുട്ടികളോട് കുശലം പറഞ്ഞിരുന്നതും ഒരു നിമിഷം ഓര്‍ത്ത് പോയി. കൊച്ചിയില്‍ നിന്ന് മദിരാസി വരെയെത്തുമ്പോഴും എന്റെ മനസിനെ മഥിച്ചുകൊണ്ടിരുന്നത് ഇവയൊക്കെയായിരുന്നു. ആശുപത്രില്‍ ജയരാജനോടൊപ്പം ചിലവഴിക്കുമ്പോഴും ഞാനൊരു വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. ജയരാജന് മുന്നില്‍ കരയുന്നത് കമ്മൃൂണിസ്റ്റുകാരന് ചേര്‍ന്നതല്ലാത്തതുകൊണ്ട് കട്ടിലിനരികില്‍ വേദനകടിച്ചമര്‍ത്തിനിന്നു. എന്തായാലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഒരാശ്വസമായി. 'എന്റേയും കുട്ടികളുടേയും ഭാഗ്യം'എന്നാണ് ഇന്ദിര പറഞ്ഞത്. അപ്പോള്‍ ഞാന്‍ ഒന്നും കൂടിക്കൂട്ടിച്ചേര്‍ത്തു. ഭാഗ്യം കമ്മൃൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കൂടിയാണ്. രാഷ്ട്രീയ വൈരൃം മൂലം സംഘട്ടനങ്ങളില്‍ പലരും മരിച്ചത് ഞാന്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ കൊലയാളികളെ വിലക്കെടുത്ത് രാഷ്ട്രീയ നേതാക്കളെ ഉന്‍മൂലനം ചെയ്യുന്ന അതിനീചമായ ഒരു പ്രവൃത്തി കേരളത്തിന്റെ ചരിത്രത്തില്‍ ഇത് ആദ്യമാണ്. കേരളത്തിലെ കമ്മൃൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂരിലെ നേതാക്കളെ ഒറ്റക്കൊറ്റക്ക് കൊന്ന് പാഠം പടിപ്പിക്കാം എന്നു കരുതുന്ന വിഡ്ഢികള്‍ ഇപ്പോഴും ഉണ്ടെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.'
സഖാവിന് നേരെയുണ്ടായ വധശ്രമം കേരളത്തെ ഞെട്ടിച്ച ഒന്നായിരുന്നു. കൊട്ടേഷന്‍ സംഘത്തെ നിയോഗിച്ച് ഒരു രാഷ്ട്രീയ നേതാവിനെ കൊല്ലാന്‍ ശ്രമിക്കുന്നത് ഉത്തരേന്ത്യന്‍ രാഷ്ട്രിയത്തിലൊക്കെ കാണുമായിരിക്കും. മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയാണ് അന്ന് ചോദ്യം ചെയ്യപ്പെട്ടത്. ആ സംഭവം ഒന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുക്കൂടെ?
പാര്‍ട്ടികോണ്‍ഗ്രസ് കഴിഞ്ഞ് നിസാമുദ്ദീനിന്നാണ് ഞങ്ങള്‍ രാജധാനി എക്പ്രസ്സില്‍ കയറുന്നത്.കൂടെ ഭാര്യ ഇന്ദിരയും കുട്ടികളും. മൂത്തമകന്‍ ജയ്‌സണിന് അന്ന് പന്ത്രണ്ട് വയസാണ്. ജിജിത്തിന് പത്തും. പി കെ ശ്രീമതിയും അവരുടെ ഭര്‍ത്താവും ഞങ്ങളോടൊപ്പതന്നെയുണ്ട്. തൊട്ടടുത്ത മുറിയില്‍ എം വിജയകുമാര്‍ പിരപ്പന്‍കോട് മുരളി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ സഖാക്കളുമുണ്ടായിരുന്നു. രാവിലെ അവരൊക്കെ അടുത്തു വന്ന് കുറേനേരം സംസാരിച്ചിരുന്നാണ് പോയത്. ആന്ധ്രപ്രദേശിലെ ചിരാല പോലീസ്‌സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള ഓംകോള്‍ എന്ന സ്ഥലത്തെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന്തന്നെ സ്‌പെഷ്യല്‍ ഗുണ്ടകളായിട്ടുള്ള രണ്ടുപേര്‍ ആയുധങ്ങളുമായിട്ട് വണ്ടിയില്‍ കയറിയിരുന്നു. വാഷ് ബേയ്‌സിനടുത്തുള്ള ചെറിയ സീറ്റില്‍ അവര്‍ ഇരിയ്ക്കുന്നുണ്ടായിരുന്നു.
ചിരാലയിലെത്തിയപ്പോള്‍ മുഖം കഴുകുന്നതിനുവേണ്ടി ഞാന്‍ വാഷ്‌ബേയിസിന്റെ അടുത്തേക്ക് പോയ തായിരുന്നു. മുഖം കഴുകിക്കൊണ്ടിരിയ്ക്കുമ്പോഴാണ് വെടിവെച്ചത്. എന്താണ് സംഭവിയ്ക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. ട്രെയിന്‍ അട്ടിമറിയുകയാണെന്നാണ് അപ്പോള്‍ തോന്നിയത്. രണ്ട് തവണവെടിവെച്ചു. ചുറ്റും പുകമൂടിയിരുന്ന. ശരീരം കുഴഞ്ഞുപ്പോകുന്നപോലെ. ഞാന്‍ നിലത്തു വീണു. കൂടെയുള്ളവര്‍ ഓടിയെത്തി. ഭാര്യയും ശ്രീമതിയും ചേര്‍ന്ന് എഴുന്നേല്‍പ്പിച്ച് മടിയില്‍ കിടത്തി. എം വിജയകുമാറും പിരിപ്പന്‍കോട് മുരളിയും കടകംപള്ളി സുരേന്ദ്രനും മറ്റു യാത്രക്കാരും ഓടിയെത്തി. കൂട്ടത്തില്‍അമേരിക്കയില്‍ പ്രാക്റ്റീസ് ചെയ്യുന്ന തഞ്ചാവൂര്‍ സ്വദേശിയായ ഒരു ലേഡി ഡോക്ടര്‍ അപ്പോള്‍തന്നെ പ്രാഥമിക ചികിത്സതന്നു. ഓകോര്‍ സ്റ്റേഷനില്‍ വണ്ടി എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഡോക്ടര്‍മാരുടെ സഹായത്തോടെ മദ്രാസിലെത്തി. ദീര്‍ഘകാലം അവിടെ ചികിത്സിച്ചു. പലതരത്തിലുള്ള ശസ്ത്രക്രിയകള്‍ അവിടെനിന്ന് നടത്തി വെടിയുണ്ട പുറത്തെടുത്തു. അതിന് ശേഷം വിദദ്ധചികിത്സയ്ക്കാണ് ലണ്ടനില്‍ പോയത്. വെടിയുണ്ട മദ്രാസ് ഹോസ്പിറ്റലില്‍ നിന്ന് നീക്കം ചെയ്തിരുന്നെങ്കിലും അതിന്റെ അവശിഷ്ടങ്ങല്‍ ബാക്കിയുണ്ടായിരുന്നു. ലണ്ടനില്‍ നിന്ന് വിദഗ്ധപരിശോധന നടത്തിയപ്പോഴാണ് അത് കണ്ടെത്തിയത്. അത് മജ്ജയില്‍ കലര്‍ന്ന്‌പോയിട്ടുണ്ട്. അത് നീക്കം ചെയ്യണമെങ്കില്‍ മജ്ജയെടുത്ത് മാറ്റണം. അപ്പോള്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. അതുകൊണ്ട് അങ്ങിനെ റിസ്‌ക്ക് എടുത്ത് ഓപ്പറേഷന്‍ നടത്തണ്ടായെന്ന് അവിടെത്തെ ഡോക്ടര്‍മാര്‍ പറഞ്ഞു. രക്ഷപ്പെട്ടത് തന്നെ അത്യപൂര്‍വ്വമായ സംഭവമാണ്. ഇനി ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സഹിക്കുകയല്ലാതെ വേറെയൊന്നും ചെയ്യാനില്ല. ബ്ലെഡില്‍ ലെഡിന്റെ അംശം കൂടുമ്പോള്‍ അപ്പോള്‍ ചികിത്സിക്കണം. അതങ്ങിനെ തുടരുകമാത്രമെ ഇനി നിര്‍വാഹമുള്ളു. ചികിത്സയുടെ ഭാഗമായ മരുന്നുകള്‍ തുടര്‍ച്ചയായി ഇപ്പോഴും കഴിച്ചുക്കൊണ്ടിരിക്കുകയാണ്. അടുത്തകാലത്തായിട്ടാണ് ഉറങ്ങാന്‍ കഴിയാത്ത പ്രശനം ഉണ്ടായത്. കിടന്ന് ഉറക്കം തുടങ്ങുമ്പോഴേക്കും ശ്വാസം കിട്ടില്ല. അപ്പോള്‍ എഴുന്നേറ്റിരിക്കണം. തിരുവനന്തപുരത്തെ കിംസ് ഹോസ്പ്പിറ്റലിലെ ഡോക്ടര്‍മാര്‍ നിദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു എക്യുപ്‌മെന്റെ് ഉപയോഗിച്ചാണ് ഇപ്പോള്‍ ഉറങ്ങുന്നത്. ഈ യന്ത്രം ഉപയോഗിച്ച് ഓക്‌സിജന്‍ വലിച്ചെടുക്കാതെ ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. അത് കരണ്ടില്‍ ഉപയോഗിക്കുന്നതാണ്. ട്രെയിനിലൊക്കെ യാത്രചെയ്യുമ്പോള്‍ പ്ലഗ്ഗ് സൗകര്യം ഉള്ളസ്ഥലത്ത് തന്നെ കിടണം.
വെടിവെച്ചവരെ അവിടെനിന്ന്തന്നെ പിടിക്കൂടിയൊ? രാഘവനും സുധാകരനുമാണ് അതിന് പിന്നിലെന്ന് എങ്ങിനെ മനസിലായി?
ആദ്യം ഞങ്ങള്‍ കരുതിയത് ട്രെയിന്‍ കൊള്ളക്കാരായിരിക്കുമെന്നാണ്. എന്നാല്‍ വെടിവെച്ചവര്‍ പിടിക്കപ്പെട്ടപ്പോഴാണ് അതിന്റെ പിന്നിലെ ഗൂഢാലോചന മുഴുവന്‍ പുറത്ത് വന്നത്. വെടിവെച്ച ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ആ ഗുണ്ടകള്‍ ടി ടിയുടെ മുന്നില്‍ പെട്ടു. അപരിചിതരായ രണ്ടുപേരെകണ്ട് സംശയംതോന്നിയ ടി ടി അവരെ തടയാന്‍ ശ്രമിച്ചു. അപ്പോള്‍ ഒരാള്‍ (പേട്ട ദിനേശന്‍) ട്രെയിന്‍നിന്ന് പുറത്തേക്ക് ചാടി. മറ്റെയാള്‍ (വിക്രം ചാലില്‍ ശശി) ടി ടിയെതട്ടിമാറ്റി ഓടി. പുറത്തേക്ക് ചാടി പരിക്ക് പറ്റികിടന്ന ദിനേശനെ നാട്ടുകാര്‍ചേര്‍ന്ന് ഒരു ക്ലിനിക്കിലെത്തിച്ചു. അവിടെത്തെ ഡോക്ടര്‍ ഇയാളുടെ ഭാവവും കയ്യിലെ തോക്കുമെല്ലാം കണ്ടപ്പോള്‍ ഉടനെ പോലീസില്‍ വിവരം അറിയിച്ചു. അങ്ങിനെയാണ് അയാള്‍ പോലീസിന്റെ പിടിയില്‍ കുടുങ്ങുന്നത്. പോലീസ് തോക്ക് കസ്റ്റടിയിലെടുത്ത് ദിനേശന്റെ മൊഴിയെടുത്തു. വിക്രം ചാലില്‍ ശശിയെ അന്നുതന്നെ മദ്രാസില്‍ നവജീവന്‍ എക്‌സ്പ്രസില്‍ നിന്ന് റെയില്‍വെ പോലീസ് അറസ്റ്റുചെയ്തു. ശശിയുടെ കയ്യില്‍ ഒരു വിദേശനിര്‍മ്മിത പിസ്റ്റള്‍ ഉള്‍പ്പെടെ രണ്ട് കൈതോക്കും പണവും ഉണ്ടായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എം വി രാഘവന്റേയും കെ സുധാകരന്റേയും പങ്ക് വ്യക്തമാകുന്നത്. ഇവര്‍ പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഏതോ കൊള്ളക്കാര്‍ നടത്തിയ ആക്രമണമാണെന്നെ കരുതുമായിരുന്നുള്ളു.
പക്ഷെ രാഘവനും സുധാകരനും അത് നിഷേധിക്കുന്നു. കോടതി വെറുതെവിട്ട കേസാണന്നാണ് അവര്‍ പറയുന്നത്.

ഏതെങ്കിലും കൊലയാളികള്‍ ഞങ്ങളാണ് അത് ചെയ്തതെന്ന് പറയാറുണ്ടോ. സുധാകരന്റേയും രാഘവന്റേയും മേല്‍ ഞങ്ങളാരും കുറ്റം ആരോപിച്ചതല്ല. അവര്‍ തന്നെ വാടകക്കെടുത്ത ഗുണ്ടകളാണ് അത് പറഞ്ഞത്. ഇ പി ജയരാജനെ വധിക്കാന്‍ രാഘവനും സുധാകരനുമാണ് നിര്‍ദ്ദേശിച്ചതെന്ന് ശശി കുറ്റസമ്മതമൊഴിയില്‍ പറയുന്നു. മദ്രാസ് റയില്‍വെ പോലീസ് ഡിവൈഎസ്പി ജോണ്‍ കുര്യന്‍ ശശിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തെയ്യാറാക്കി മെട്രോപൊളീറ്റന്‍ മജിസ്റ്റ്രേറ്റ് മുമ്പാകെ സമര്‍പ്പിച്ച സ്റ്റേറ്റ്‌മെന്റെില്‍ 'എം വി രാഘവനും കെ സുധാകരനും ചേര്‍ന്ന് പതിനായിരം രൂപതന്നു. രണ്ട് റവോള്‍വറുകളും തിരകളും ഏല്‍പ്പിച്ചത് കെ സുധാകരനാണ്. ചന്ദീഗഢില്‍നിന്ന് സമ്മേളനം കഴിഞ്ഞുവരുമ്പോള്‍ ഇ പി ജയരാജനെ കൊല്ലണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു' എന്ന് വ്യക്തമായിരേഖപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രാ സംഭവത്തെ കുറിച്ചന്വേഷിച്ച തിരുപ്പതി റയില്‍വെ പോലീസ് ഇന്‍സ്‌പെക്ടര്‍ ഭാസ്‌കര നായിഡു ഐപിസി 307ാം വകുപ്പുപ്രകാരം രജിസ്റ്റര്‍ചെയ്ത കേസിലും പേട്ട ദിനേശനും ശശിയ്ക്കും പുറമേ എം വി രാഘവന്റേയും സുധാകരന്റേയും പങ്കാളിത്തം എടുത്ത് പറഞ്ഞിട്ടുണ്ട്. പോലീസിന്റെ ആദ്യഅന്യേഷണത്തില്‍തന്നെ പിടിച്ചെടുത്ത തോക്ക് സലീം എന്നൊരാളുടോതാണെന്നും സലീമിന്റെ തോക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജയകൃഷ്ണന്‍ മുഖേനയാണ് സുധാകരന്റെ കയ്യിലെത്തുന്നത് എന്നും കണ്ടെത്തിയിരുന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ആദ്യമൊക്കെ അന്വേഷണം മുന്നോട്ട് പോയത്. പിന്നീട് ആന്ധ്ര ഗവണ്‍മെന്റെില്‍ സ്വാധീനം ചെലുത്തി അവര്‍ കേസ് അട്ടി മറിക്കാന്‍ ശ്രമിച്ചു. അങ്ങിനെയാണ് രണ്ടാമത് ഒരു എഫ് ഐ ആര്‍ തയ്യാറാക്കി കോടതിയില്‍ സബ്്മിറ്റ് ചെയ്യുന്നത്. അതില്‍ സുധാകരനേയും രാഘവനേയും ഒഴിവാക്കി ദിനേശനേയും ശശിയേയും മാത്രം പ്രതിചേര്‍ത്തു. അവര്‍ എന്തിന് കൊല്ലാന്‍ ശ്രമിച്ചു എന്നൊ തോക്ക് എവിടെനിന്ന്കിട്ടിഎന്നൊ ഗൂഢാലോചന നടത്തിയത് ആരാണ് തുടങ്ങിയ കാര്യങ്ങളൊന്നും അതില്‍ പരാമര്‍ശിക്കപ്പെട്ടില്ല. അതിനെതിരെ ഞാന്‍ ഓംകോള്‍ കോടതിയില്‍ പോയി. കോടതി എന്റെ വാദം കേട്ടശേഷം സുധാകരനേയും രാഘവനേയുംക്കൂടി പ്രതി ചേര്‍ത്ത് വിചാരണനടത്താന്‍ ആവശ്യപ്പെട്ടു. അവരതിനെതിരെ ഹൈകോടതിയില്‍ പോയി അനുകൂലമായ വിധിനേടി. പിന്നെ ഞാന്‍ സുപ്രീം കോടതിയില്‍ പോയി. ഇപ്പോള്‍ കേസ് ഹൈകോടതിയില്‍ പുന:വിചാരണനടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനിടയില്‍ തന്നെ ഞാന്‍ തിരുവനന്തപുരം ചീഫ് ജുഢീഷ്യല്‍ മജിസ്റ്റ്രേട്ടിന് മുമ്പില്‍ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. കാരണം ഇതിന്റെ ഗൂഡാലോചന നടന്നത് കേരളത്തിലാണ്. പ്രതികള്‍ നാലുപേരും മലയാളികളാണ്. കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് തിരുവനന്തപുരം പോലീസ് കേസെടുത്ത് അന്യേഷിച്ചപ്പോള്‍ ഗൂഢാലോചനയില്‍ സുധാകരന്റേയും രാഘവന്റേയും പങ്ക് വ്യക്തമായി. അങ്ങനെയാണ് പോലീസ് സുധാകരനെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇതിനെതിരെ സുധാകരന്‍ കൊടുത്ത അപ്പീലില്‍ ഒരുകേസില്‍ രണ്ട് എഫ് ഐ ആര്‍ പാടില്ലായെന്ന് കേരളാ ഹൈകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ കേസ് മരവിച്ചു. അതിനെതിരെ ഞാന്‍ സുപ്രീം കോടതിയില്‍ പോയി. നിയമയുദ്ധം ഇപ്പോഴും നടന്നു കൊണ്ടിരികുകയാണ്. ഒരു കോടതിയും സുധാകരനേയും രാഘവനേയും കുറ്റമുക്തമാക്കിയിട്ടില്ല. മദ്രാസ് പോലീസിന്റെ എഫ് ഐ ആറിലും ഓംഗോള്‍ കോടതിയില്‍ നടക്കുന്ന കേസിലും പ്രതി സ്ഥാനത്ത് അവരുണ്ട്.
പിന്നെ ആരാണ് ഈ സുധാകരന്‍. തനി ക്രിമിനലല്ലെ. തെരഞ്ഞെടുപ്പില്‍ അക്രമം സംഘടിപ്പിക്കാന്‍ കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കാന്‍ പോലും മടിയില്ലാത്ത ആളല്ലെ. കഴിഞ്ഞലോകസഭാ തെരഞ്ഞെടുപ്പ് ദിവസം ഗുണ്ടകളെ രക്ഷിക്കാന്‍ പോലീസ് സ്റ്റേഷന്‍ കയ്യേറി സുധാകരന്‍ കാണിച്ച തമ്മാടിത്തം രാജ്യം കണ്ടതല്ലെ. നാല്‍പാടി വാസുവിനെ വെടിവെച്ച് കൊന്നിട്ട് ഞാനൊരുത്തനെ കൊന്നിട്ടാണ് വരുന്നതെന്ന് പൊതുയോഗത്തില്‍ പ്രസംഗിച്ചയാളാണ് സുധാകരന്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമാണൊ. എത്ര കോണ്‍ഗ്രസുകാര്‍ക്ക് സുധാകരന്റെ പീഢനങ്ങല്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. അയാളുടെ ഗുണ്ടാസംഘത്തിന്റെ നേതാവായിരുന്ന നടാലിലെ മനോഹരന്‍ എന്നൊരാളുണ്ടായിരുന്നു അയാള്‍ ഒരു സുപ്രഭാതത്തില്‍ റെയിവെ ട്രാക്കില്‍ മരിച്ചുകിടക്കുന്നു. തലേന്ന് സുധാകരനുമായി തെറ്റിയ മനോഹരന്‍ നാടാല്‍ ബസാറില്‍ മദ്യപിച്ച് സുധാകരനെ തെറിവിളിച്ച് നടക്കുന്നത് നാട്ടുക്കാര്‍ കണ്ടതാണ്. പിറ്റേന്ന് മനോഹരന്‍ ജടമായി.

കെ സുധാകരന്റേയും ആര്‍ എസ് എസിന്റേയും ടാര്‍ജറ്റായിരുന്നു ഇ പി. മുമ്പും പലതവണ സഖാവിനുനേരെ വധശ്രമമുണ്ടായിരുന്നില്ലെ?
എന്നെ കൊല്ലാന്‍ പലതവണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സഖാവ് കുഞ്ഞിരാമന്റെ ശവസംസ്‌ക്കാരത്തില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍ ഒരു കുന്നിന്റെ മുകളില്‍ ഒളിഞ്ഞിരുന്ന് ആര്‍ എസ് എസ് എന്റെ കാറിന് നേരെ ബോംബെറിഞ്ഞു. അന്നവിടെയുണ്ടായിരുന്ന പോലീസുദ്ദ്യോഗസ്ഥന്‍ ചന്ദ്രന്‍ സമര്‍ത്ഥമായി ഇടപ്പെട്ടതുക്കൊണ്ട് അപകടമൊന്നുണ്ടായില്ല. അവിടെനിന്ന് കാറ് കുറച്ച് മുന്നോട്ട് പോയി ഒരു വളവിലെത്തിയപ്പോള്‍ ജീപ്പില്‍ വന്ന ഒരു സംഘം പിന്നേയും ബോംബെറിഞ്ഞു. അത്ഭുതകരമായായിരുന്നു അതില്‍ നിന്നെല്ലാം രക്ഷപ്പെട്ടത്. മറ്റൊന്ന് പാനൂരില്‍ സ: കനകരാജന്റെ രക്തസാക്ഷി ദിനാചരണം കഴിഞ്ഞ് മടങ്ങവരുമ്പോഴായിരുന്നു. ആര്‍ എസ് എസുക്കാര്‍ കാര്‍ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഡ്രൈവര്‍ പെട്ടന്ന് വാഹനം വേഗത്തില്‍ മുന്നോട്ടെടുത്തു. ഉടനെ കാറിന്റെ മുന്നിലും പിന്നിലുമായി തുരുതുരാ ബോംബ് വന്ന് വീണു. കാറിന്റെ ഡോര്‍ തെറിച്ചുപോയി. വേഗത കൂട്ടിയതുകൊണ്ട് കാര്‍ ഓഫായില്ല. ഡ്രൈവര്‍ അതിവിദഗ്ധമായി അവിടെനിന്നു രക്ഷപ്പെടുത്തി.
ഒട്ടേറെ തവണ പോലീസിന്റേയും കോണ്‍ഗ്രസ് ഗുണ്ടകളുടേയും ആക്രമണത്തിന് സഖാവ് ഇരയായിട്ടുണ്ട്. ഒരുപക്ഷെ ഇ പിയെപ്പോലെ ഇത്രയേറെ മര്‍ദ്ദനമേല്‍ക്കേണ്ടിവന്ന മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടായിരിക്കില്ല.
വിദ്യാര്‍ത്ഥി സംഘടനാരംഗം മുതല്‍ തന്നെ പലതവണ പോലീസിന്റേയും രാഷ്ട്രീയ എതിരാളികളുടേയും മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. 1968 ല്‍ പാര്‍ട്ടി ഭരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥിമര്‍ദ്ദനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഞാന്‍ പ്രതിയാക്കപ്പെട്ടിട്ടുണ്ട്. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്തായിരുന്നു അത്. 1970 കളില്‍ ഞാന്‍ എസ് എന്‍ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സര്‍വ്വകലാശാല നിയമം കോടതി റദ്ദുചെയ്തതില്‍ പ്രതിഷേധിച്ചും തലശ്ശേരി കോടതിയ്ക്കുമുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി. അന്നു ഞാന്‍ കണ്ണൂരിലെ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. ആ സമരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഭീകരമായ മര്‍ദ്ദനമേറ്റു. 1971 കാലഘട്ടത്തില്‍ അച്യുതമേനോന്‍ ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന സമയത്ത് കണ്ണൂരില്‍ ഗുണ്ടാ-പൊലീസ്-കോണ്‍ഗ്രസ് വിളയാട്ടമായിരുന്നു. അന്ന് പല പോക്കറ്റുകളും ഗുണ്ടകളുടെ കേന്ദ്രങ്ങളായിരുന്നു. അവര്‍ പോലീസിന്റെ സഹായത്തോടുകൂടി പാര്‍ട്ടിയേയും പാര്‍ട്ടീ നേതാക്കളേയും അക്രമിച്ചു. ആ ഘട്ടത്തിലെല്ലാം പാര്‍ട്ടി കേഡര്‍മാരെ സംരക്ഷിക്കുന്നതിനുവേണ്ടി രാത്രിയും പകലുമെന്നുമില്ലാതെ ഒളിവിലും തെളിവിലുംനിന്ന് നേതൃത്വംകൊടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്നൊക്കെ പലതവണ കോണ്‍ഗ്രസ് ഗുണ്ടകള്‍ എന്നെ ടാര്‍ജറ്റ് ചെയ്ത് ആക്രമിച്ചിട്ടുണ്ട്. 1974ല്‍ ജയപ്രകാശ് നാരായണന്‍ കണ്ണൂര്‍ വഴി കടന്നുപോകുമ്പോള്‍ എ കെ ജിയുടെ നേത്യത്വത്തില്‍ ഞങ്ങള്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് അദ്ദേഹത്തെ അഭിവാദ്യം ചെയ്ത് തിരിച്ചുവരുമ്പോള്‍ കോണ്‍ഗ്രസുക്കാര്‍ ഞങ്ങളെ ആക്രമിച്ചു. അന്നെനിക്ക് മാരകമായി മര്‍ദ്ദനമേല്‍ക്കുകയുണ്ടായി. ബോധം കെട്ട് വീണ എന്നെ പോലീസ് ലോക്കപ്പിലടച്ചു. ഏ കെ ജി എസ് പിയുടെ വീട്ടുപടിക്കല്‍ സത്യാഗ്രഹമിരിക്കാന്‍ പുറപ്പെട്ടപ്പോഴാണ് എന്നെ ആശുപത്രിയിലാക്കിയത്. ഒരു ദിവസം മുഴുവന്‍ അബോധാവസ്ഥയിലായിരുന്നു. അന്നത്തെ മര്‍ദ്ദനത്തിന്റെ പാടുകളാണ് എന്റെ തലയിലും മുഖത്തുമെല്ലാം കാണുന്നത്. എം എല്‍ എ ആയിരിക്കുന്ന സമയത്തും ക്രൂരമായി അക്രമിക്കപ്പെട്ടിട്ടുണ്ട്. അന്ന് നിയമസഭയില്‍ കരുണാകരന്റെ മുന്നില്‍ ഞാന്‍ ഷര്‍ട്ട് അഴിച്ച് കാണിച്ചുക്കൊടുത്തു. എന്റെ പുറത്ത് നിറയെ ലാത്തിയുടെ പാടുകളായിരുന്നു.
കണ്ണൂരിലെ എ കെ ജി ആസുപത്രി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള രാഘവന്റെ ശ്രമങ്ങള്‍ ഇ പിയുടെ നേത്യത്വത്തിലായിരുന്നല്ലൊ പരാജയപ്പെടുത്തിയത്. അന്ന് ഭീകരമായ മര്‍ദ്ദനം ഏറ്റിരുന്നതായി കേട്ടിണ്ടുണ്ട്?
കേരളത്തിലെ മുഴുവന്‍ പോലീസിനേയും രാഘവനും കോണ്‍ഗ്രസും അവിടെ വിന്യസിപ്പിച്ചിരുന്നു.ബൂത്ത് പിടിച്ചും കള്ളവോട്ട് ചെയ്തും തെരഞ്ഞെടുപ്പ് അട്ടിമറിക്കാലായിരുന്നു അവര്‍ തീരുമാനിച്ചത്. അതുക്കൊണ്ട്തന്നെ എന്ത് വിലകൊടുത്തും അതിനെ നേരിടാന്‍ തന്നെ ഞങ്ങളും നിശ്ചയിച്ചു. ജനങ്ങള്‍ അതിരാവിലെ മുതല്‍ തന്നെ ക്യൂവില്‍ വന്ന്‌നിന്ന് വോട്ട് ചെയ്യാന്‍ തുടങ്ങി. അങ്ങിനെ സംഭവിച്ചാല്‍ രാഘവന്റെ പാനലല്‍ ദയനീയമായി പരാജയപ്പെടും. തെരഞ്ഞെടുപ്പ് അലസിപ്പിക്കുകയായിരുന്നു രാഘവന്റെ ലക്ഷ്യം. പോലീസ് ഇടപ്പെട്ട് നമ്മുടെ സഖാക്കളെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചു. അത് ചോദ്യം ചെയ്ത നേതാക്കളേയും പോലീസ് വെറുതെ വിട്ടില്ല. സമാധാനപരമായി തെരഞ്ഞെടുപ്പ് നടക്കാന്‍ വേണ്ടി ഞങ്ങള്‍ പരമാവധി ക്ഷമിച്ചു നിന്നു. സുശീലാ ഗോപാലനെ അടിക്കുന്നത്് കണ്ടപ്പോള്‍ തൊട്ടുപിന്നിലുണ്ടായിരുന്ന ഞാന്‍ അത് ചോദ്യം ചെയ്തു. അപ്പോഴേക്കും കമാന്റോസ് ഒടിവന്ന് എന്നെ പൊതിരെ തല്ലാന്‍ തുടങ്ങി. എന്നെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പിന്നെ പുറത്തേക്ക് വലിച്ചിട്ട് വീണ്ടും തല്ലാന്‍ തുടങ്ങി. തടയാന്‍ അടുത്തേക്ക് ഓടിവരുന്ന സഖാക്കളെ മറ്റൊരുനിര പോലീസ് അടിച്ചോടിച്ചു. എന്തോ കലിതീര്‍ക്കുന്നതുപോലൊരു മാനസീകാവസ്ഥയായിരുന്നു പോലീസിന്. എന്തൊക്കെചെയ്തിട്ടും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഞങ്ങളുടെ പാനല്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു.
കോണ്‍ഗ്രസും പോലീസും ആര്‍ എസ് എസും ചേര്‍ന്ന് വേട്ടയാടുന്ന ജയരാജേട്ടനെ ഇപ്പോള്‍ ആക്രമിക്കുന്നത് മാധ്യമങ്ങളാണെന്ന് തോന്നുന്നു. സഖാവിന്റെ പ്രസംഗവും വലിയവിവാദമാക്കിമാറ്റുന്നുണ്ട്. അതിലൊന്നായിരുന്നു കട്ടന്‍ ചായയും പരിപ്പുവടയും ഭക്ഷിച്ചിരുന്നാല്‍ പാര്‍ട്ടി വളര്‍ത്താന്‍ കഴില്ലായെന്നത്.
അതൊന്നും ഒരുവിവാദത്തിനുവേണ്ടി പറഞ്ഞതല്ല. മാധ്യമങ്ങള്‍ പലപ്പോഴും കാര്യങ്ങള്‍ അതിന്റെ വസ്തുതയിലല്ല കാണുന്നത്. വാക്കുകള്‍ അടര്‍ത്തിയെടുത്ത് വിവാദങ്ങള്‍ സൃഷ്ടിക്കുകയാണവര്‍. ഞാന്‍ പറഞ്ഞത് മാറിവരുന്ന കാലത്തിനനുസരിച്ച് പ്രവര്‍ത്തന ശൈലിയിലും മാറ്റം വരും എന്നാണ്. ഞാനൊക്കെ രാഷ്ടീയ പ്രവര്‍ത്തനം തുടങ്ങുന്ന കാലത്തെ സ്ഥിതിയല്ല ഇന്നുള്ളത്. അന്ന് കേരളത്തിലെ മഹാഭൂരിപക്ഷവും കടുത്ത ദാരിദ്ര്യത്തിലായിരുന്നു. ജന്മി നാടുവാഴീത്തത്തിന്റെ ചുഷണവും കൊടിയ മര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്ന ഒരു ജനതയെ അതില്‍ നിന്ന് മോചിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു കമ്മൃൂണിറ്റ് പാര്‍ട്ടി അന്ന് പോരാടിയത്. അതില്‍ നാം വിജയിച്ചു. കേരളത്തില്‍ ഭൂപരിഷ്‌ക്കരണം നടപ്പിലാക്കി. സമഗ്രവിദ്യാഭ്യാസം കൊണ്ടുവന്നു. വിപ്‌ളവകരമായ മാറ്റമല്ലേ ഇവിടെ സംഭവിച്ചത്. കേരളത്തില്‍ കുറേപേര്‍ക്ക് ഭൂമി ലഭിച്ചു. അവരുടെ കുട്ടികള്‍ പഠിച്ച് ഉദ്യോഗസ്ഥരായി. ഇന്ന് കേരളത്തിലെ അഞ്ച് വീടുകളില്‍ ഒന്ന് ഗള്‍ഫ് മലയാളിയുടേതായിരിക്കും. പണ്ട് സഖാക്കള്‍ക്ക് ഭക്ഷണം പോലും കഴിക്കാതെ പ്രവര്‍ത്തിക്കേണ്ടിവന്നിണ്ടുണ്ട്. അത് ഭക്ഷണത്തോടുള്ള സൈദ്ധാന്തിക വിയോജിപ്പുകൊണ്ടല്ല. ഭക്ഷണം കിട്ടാനില്ലാത്തതുകൊണ്ടായിരുന്നു. അവരുടെ ത്യാഗങ്ങളുടെ ഉല്‍പ്പന്നമാണ് ഇന്നത്തെ കേരളം. നമ്മള്‍ ആഗ്രഹിച്ചാല്‍ പോലും പഴയകാലം ഇനി തിരിച്ചുകൊണ്ടുവരാനാവില്ല. സാമൂഹ്യസാഹചര്യങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്തിയാണ് കമ്മൃൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ചില സ്വപ്നജീവികള്‍
പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാകമ്മിറ്റിയില്‍ സംഘടനാപ്രശ്‌നങ്ങല്‍ ഉണ്ടായപ്പോള്‍ സഖാവിനെയായിരുന്നു അവിടെ സെക്രട്ടറിയായി നിയമിച്ചത്. സഖാവ് കണ്ണുര്‍ ശൈലി അവിടേയും പ്രയോഗിച്ചു എന്നൊരു വിമര്‍ശനമുണ്ടായിരുന്നു.
കമ്മൃുണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് ഒന്നുംമറിയാത്ത വിഡ്ഢികളാണ് ഇത്തരത്തിലൊക്കെ പറയുന്നത്. കമ്മൃുണിസ്റ്റ് പാര്‍ട്ടിക്ക് കണ്ണുരില്‍ മാത്രമായി ഒരുപ്രവര്‍ത്തന ശൈലിയുമില്ല. എല്ലായിടത്തും ഒന്നേയുള്ളു. തൃശൂരില്‍ ചിലസംഘടനാപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത് കമ്മൃൂണിസ്റ്റ് പാര്‍ട്ടിയുടെ രീതിയില്‍ തന്നെ പരിഹരിച്ച് ഇപ്പോള്‍ വളരെ ഐക്യത്തോടെ സുസംഘടിതമായി മുന്നോട്ട് പോകുന്നു. അത് ദഹിക്കാത്ത ചിലരാണ് ഇത്തരം വാദങ്ങള്‍ കൊണ്ട് വരുന്നത്. പിന്നെ മാധ്യമങ്ങള്‍ പറഞ്ഞുക്കൊണ്ടിരിക്കുന്ന കണ്ണൂര്‍ രാഷ്ട്രീയം എന്നൊക്കെയുള്ളത് ശുദ്ധവിവരക്കേടാണ്.
നിയോഗിക്കപ്പെട്ട എല്ലാമേഖലയിലും വിജയത്തിന്റെ കഥകളാണ് സഖാവിന് പറയാനുണ്ടാവുക. ഇപ്പോള്‍ ദേശാഭിമാനി ജനറല്‍ മാനേജര്‍ എന്ന നിലയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഗള്‍ഫ്, ബാംഗ്ലൂര്‍ എഡിഷനുകള്‍ തിരുവനന്തപുരം ഓഫീസിന്റെ ആധുനികവത്ക്കരണം. അങ്ങിനെ വളര്‍ച്ചയുടെ ഒരു കാലഘട്ടമാണ്.
അതൊന്നും വ്യക്തിപരമായ വിജയങ്ങളല്ല. പാര്‍ട്ടിയുടെ മൊത്തം പരിശ്രമത്തിന്റെ ഭാഗമായിട്ടുള്ള വളര്‍ച്ചയാണതെല്ലാം. പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച ചുമതലകള്‍ എന്നാലാകും വിധം ഞാന്‍ നിര്‍വഹിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ഇടത്തരം കര്‍ഷകകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്‍ അദ്ധ്യാപകനായിരുന്നു. അഛന് കമ്യൂണിസ്റ്റുപാര്‍ട്ടിയുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അമ്മയുടെ കുടുംബം പാര്‍ട്ടിയനുഭാവമുള്ള കുടുംബമായിരുന്നു. അമ്മയുടെ വീട് ചേലേരി എന്ന സ്ഥലത്താണ്. 1948 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ നെല്ലെടുപ്പ് സമരത്തിന് പ്രതികാരമായി കോണ്‍ഗ്രസുകാര്‍ അമ്മയുടെ തറവാട്ടില്‍കയറി പത്തായം കുത്തിത്തുറന്ന് നെല്ല് എടുത്തുകൊണ്ടുപോയ സംഭവമുണ്ടായിരുന്നു. പാടിക്കുന്ന് വെടിവെയ്പ്പില്‍ മരണപ്പെട്ടിട്ടുള്ള സഖാക്കളില്‍ ചിലര്‍ അമ്മയുടെ കുടുംബവുമായി ബന്ധമുള്ളവരാണ്. അത്തരത്തില്‍ ശക്തമായൊരു പാര്‍ട്ടി അനുഭാവികുടുംബമായിരുന്നു അമ്മയുടേത്. അച്ഛന്റേത് യാഥാസ്ഥിതിക കോണ്‍ഗ്രസ് അനുഭാവികുടുംബവും. ഈ പശ്ചാത്തലത്തിലാണ് ഞാന്‍ വളര്‍ന്നുവന്നത്. എന്റെ ജ്യേഷ്ഠന്റെ പ്രചോദനത്തിലാണ് രാഷ്ട്രീയരംഗത്ത് കടന്നുവരുന്നത്്. ജ്യേഷ്ഠന്‍ സജീവമായി വിദ്യാര്‍ത്ഥിരാഷ്ട്രീയരംഗത്തുണ്ടായിരുന്നു. നാട്ടിലെ വായനശാല കലാസമിതിപ്രവര്‍ത്തനങ്ങളില്‍ ജ്യേഷ്ഠന്‍ സജീവമായിരുന്നു. ജ്യേഷ്ഠനെ പിന്‍തുടര്‍ന്ന് ഞാനും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൊക്കെ പങ്കെടുത്തു. പിന്നീട് ഞാന്‍ കെ എസ് എഫ് പ്രവര്‍ത്തകനായി. കെ എസ് എഫില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് എസ് എഫ് ഐ രൂപീകരിക്കുന്നത്. എസ് എഫ് ഐ ജില്ലാസെക്രട്ടറി. സംസ്ഥാനഭാരവാഹി എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് കെ എസ് വൈ എഫിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി. എസ് എഫ് ഐ രംഗത്തുനിന്നും മാറി രണ്ടുമാസം കഴിഞ്ഞപ്പോള്‍തന്നെ കെ എസ് വൈ എഫിന്റെ ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഞാന്‍ കെ എസ് വൈ എഫിന്റെ സംസ്ഥാനസെക്രട്ടറിയായിരിക്കുമ്പോഴാണ് 1980 ല്‍ ഡിവൈഎഫ്‌ഐ രൂപീകരിക്കപ്പെടുന്നത്. ഡിവൈഎഫ്‌ഐ രൂപീകരിക്കുന്നതിനുമുമ്പ് വ്യത്യസ്തസംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യുവജനസംഘടനകളെല്ലാം കൂടിചേര്‍ന്ന് അഖിലേന്ത്യാതലത്തില്‍ ഒറ്റസംഘടനരൂപീകരിക്കുന്നതിനുവേണ്ടി ഒരു പ്രിപ്പറേറ്ററി കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. അതിന്റെ രണ്ടുജോയിന്റ്കണ്‍വീനര്‍മാര്‍ ബംഗാളിലെ ഡിവൈഎഫിന്റെ പ്രതിനിധിയായി അമിദ് ബാസുവും മറ്റൊന്ന് കേരളത്തില്‍ നിന്നും ഞാനും ആയിരുന്നു.
പിന്നീട് ഡിവൈഎഫ്‌ഐയുടെ പ്രഥമ അഖിലേന്ത്യാപ്രസിഡന്റായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. 1980 മുതല്‍ 83 വരെ അഖിലേന്ത്യാഭാരവാഹിയായിരുന്നിട്ടുണ്ട്. അതിനുശേഷം പാര്‍ട്ടിയില്‍ വന്നു. മാടായി ഏരിയാകമ്മിറ്റിയംഗം, കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍, കണ്ണൂര്‍ ജില്ലാസെക്രട്ടറി, നിലവില്‍ സംസ്ഥാനസെക്രട്ടറിയേറ്റ്, കേന്ദ്രകമ്മിറ്റിയംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചുവരുകയാണ്. ഈ കാലയളവിലെല്ലാം പാര്‍ട്ടി ഏല്‍പ്പിച്ചചുമതലകള്‍ തികഞ്ഞ അച്ചടക്കത്തോടേയും അര്‍പ്പണ ബോധത്തോടേയും എന്നാലാകും വിധം നിര്‍വ്വഹിച്ചു പോന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ സന്നദ്ധസേവനരംഗത്തും ചെറിയതോതിലെങ്കിലും ചിലതൊക്കെ ചെയ്യാനായിട്ടുണ്ട്. ഇപ്പോള്‍ ഒരു വൃദ്ധസദനം ആരംഭിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. ആരോരും നോക്കാനില്ലാതെ ഉപേക്ഷിക്കപ്പെട്ട മനുഷ്യര്‍ക്ക് ഒരു ആശ്വാസമേകാനുള്ള ശ്രമം. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളൊക്കെ ഏറെകാലം തുടരാനാകുമെന്ന് തോന്നുന്നില്ല. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിക്കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ തളര്‍ച്ച അനുദിനം കൂടിവരുകയാണ്. തുടച്ചയായിയാത്ര ചെയ്യാന്‍ കഴിയാതെയായിട്ടുണ്ട.് ഇപ്പോള്‍ പോകുന്നിടത്തെല്ലാം ഈ യന്ത്രവും കൊണ്ടാണ് പോകുന്നത്. കേള്‍വിക്കുറവും കാഴ്ച്ചക്കുറവും കൂടിക്കൊണ്ടിരിക്കുകയാണ്. അധികകാലം ഇങ്ങനെ മുന്നോട്ട് പോകാന്‍ കഴിയണമെന്നില്ല.


പ്രബന്ധമെഴുതുന്നതനുസരിച്ചല്ല.

0 comments: